നെടുമ്പാശേരി : ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ സംബന്ധിച്ചു വിമാനത്താവളത്തിലെ കരാർ തൊഴിലാളികൾ മാനേജ്മെന്റുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് തൊഴിലാളികളുടെ നേതൃത്വത്തിൽ 23നു വിമാനത്താവളം വളയൽ സമരം നടത്തും. ബോണസ്സുമായി ബന്ധപ്പെട്ട് കരാർ കമ്പനികളും തൊഴിലാളി യൂണിയനുകളും ലേബർ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന ചർച്ച പൂർണമായി പരാജയപ്പെട്ടതായി സിയാൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ഭാരവാഹികൾ പറഞ്ഞു.
മെട്രോ നിർമാണത്തിനായി വെട്ടി മാറ്റില്ല, രാജകീയ പനകൾ പറിച്ചു നടും; പനകൾക്ക് 20 അടി ഉയരവും ഒരു ടൺ ഭാരവും
കോവിഡ് കാലത്തു നൽകിയ കുറഞ്ഞ ബോണസ് മാത്രമേ നൽകൂ എന്ന മാനേജ്മെന്റുകളുടെ പിടിവാശിയാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് യൂണിയൻ പ്രസിഡന്റ് എൻ.സി.മോഹനൻ, ജനറൽ സെക്രട്ടറി തമ്പി പോൾ, സെക്രട്ടറി എ.എസ്.സുരേഷ് എന്നിവർ പറഞ്ഞു.
ലേബർ വകുപ്പ് മുന്നോട്ടുവച്ച നിർദേശം അംഗീകരിക്കാൻ പോലും പല കമ്പനികളും തയാറാകാത്ത സാഹചര്യത്തിൽ രാജ്യാന്തര കാർഗോ സെക്യൂരിറ്റി വിഭാഗം ഒഴികെയുള്ള എല്ലാ കമ്പനികളിലും തിരുവോണ ദിവസം രാവിലെ 6 മുതൽ 24 മണിക്കൂർ സൂചനാപണിമുടക്കു നടത്തുമെന്ന് ഇവർ അറിയിച്ചു. ഇതിന്റെ മുന്നോടിയായി 23നു വൈകിട്ട് 4ന് വിമാനത്താവളത്തിലെ മുഴുവൻ കരാർ തൊഴിലാളികളും ചേർന്ന് വിമാനത്താവളം വളഞ്ഞുകൊണ്ടുള്ള പ്രക്ഷോഭം നടത്തും.