വാഷിംഗ്ടണ്‍: വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് ആശങ്ക വര്‍ധിപ്പിച്ച് ഒറ്റ ദിവസം കൊണ്ട് ഇരുപത്തിയൊന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ നിന്ന് നാടുകടത്തി. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ഈ വിദ്യാര്‍ത്ഥികളില്‍ പലരും വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉന്നത വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹത്തോടെ യുഎസില്‍ എത്തിയവരാണ്.
ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ രേഖകള്‍ സൂക്ഷ്മമായ പരിശോധിച്ചതിന് ശേഷമാണ് ഈ വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അറ്റ്‌ലാന്റ, ഷിക്കാഗോ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. വിസയ്ക്കുള്ള എല്ലാ ആവശ്യകതകളും നിറവേറ്റിയെന്നും കോളേജുകളില്‍ ചേരാന്‍ തയ്യാറാണെന്നും വിശ്വസിച്ച വിദ്യാര്‍ത്ഥികളാണ് അപ്രതീക്ഷിതമായി പുറത്താകുന്നത്. വലിയ ആശയക്കുഴപ്പത്തിലാണ് ഇവര്‍.
നാടുകടത്തലിനെക്കുറിച്ച് വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കിയില്ലെന്ന് ഇവര്‍ പറയുന്നു. തങ്ങളുടെ മൊബൈല്‍ ഫോണുകളും വാട്ട്സ്ആപ്പ് സംഭാഷണങ്ങളും സൂക്ഷ്മമായി പരിശോധിച്ചതായി ചില വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. മാത്രമല്ല, എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ കടുത്ത നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പോടെ ശാന്തമായി രാജ്യം വിടാന്‍ അധികൃതര്‍ അവരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍ മിസോറിയിലെയും സൗത്ത് ഡക്കോട്ടയിലെയും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പഠന സ്ഥാപനങ്ങളിലേക്ക് പോകാനെത്തിയതാണ്.
വിദ്യാര്‍ത്ഥികള്‍ നേരിട്ട ഈ അഗ്‌നിപരീക്ഷയുടെ അനന്തരഫലങ്ങള്‍ വളരെ ആഴത്തിലുള്ളതും ദീര്‍ഘകാലത്തേക്കുള്ള കഷ്ടപ്പാടുകള്‍ വരുത്തുന്നതുമാണ്. വിദ്യാര്‍ത്ഥികളെ സമയം, വിഭവങ്ങള്‍, ഭാവി സാധ്യതകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്കും തള്ളിവിടും. യുഎസിന്റെ കര്‍ശനമായ നിയമങ്ങള്‍, പ്രത്യേകിച്ച് സ്വീകാര്യമല്ലെന്ന് കരുതി നാടുകടത്തപ്പെട്ടവര്‍ക്കുള്ള അഞ്ച് വര്‍ഷത്തെ വിലക്ക് നേരിടേണ്ടിവരും.
ഒരു വിദേശരാജ്യത്ത് വിദ്യാഭ്യാസം തേടുന്നതിനിടയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സങ്കീര്‍ണതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമാണ് ഈ സംഭവം അടിവരയിടുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ അവരുടെ നാടുകടത്തലിന്റെ അനന്തരഫലങ്ങള്‍ നേരിടുമ്പോള്‍ തന്നെ വിസ അപേക്ഷയിലും ഇമിഗ്രേഷന്‍ പ്രക്രിയയിലും വ്യക്തതയും നീതിയും ഉറപ്പാക്കുന്നതിനെക്കുറിച്ച് ചോദ്യങ്ങളും ഉയര്‍ന്നുവരുന്നു.