പാലക്കാട്: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന് മറുപടിയുമായി സിപിഎം നേതാവ് എ കെ ബാലൻ. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്ന് എ കെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയുള്ള മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു എ കെ ബാലൻ.
നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. വീണ ഐജിഎസ്ടി ഒടുക്കിയതിന്റെ രേഖകൾ കാണിച്ചാൽ ആരോപണങ്ങൾ പിൻവലിക്കുമോ. തെറ്റൊന്നു തെളിഞ്ഞാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം. കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുകയാണ്. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും എ കെ ബാലൻ പറഞ്ഞു.
വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തിയിരുന്നു. വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീണയുടെ കമ്പനിയിൽ നടന്നത് പൊളിറ്റിക്കൽ ഫണ്ടിംഗ് ആണ്. കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറി. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായി എം.വി.ഗോവിന്ദൻ മാറി.സി പി എമ്മിനോട് സഹതാപം തോന്നുകയാണെന്നും കുഴൽനാടൻ പറഞ്ഞു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വീണ്ടും രംഗത്തു വരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു. കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് വീണ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന കുഴൽനാടൻ ആരോപിച്ചത്.
44 ലക്ഷം രൂപയുടെ നഷ്ടം 2015- 16 ൽ വീണയുടെ കമ്പനിക്ക് ഉണ്ടായി. ആ സമയം കർത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്ന് 25 ലക്ഷം രൂപ നൽകി. തുടർന്നിത് 36 ലക്ഷം ആക്കി. 2014 മുതൽ വീണ വിജയൻ നടത്തിയ കമ്പനിയിൽ 63 ലക്ഷത്തിലേറെ രൂപ നഷ്ടം വന്നു എന്നാണ് ഔദ്യോഗിക രേഖകൾ. കമ്പനി നിലനിർത്താൻ 78 ലക്ഷത്തോളം രൂപ വീണ സ്വന്തം പണം കമ്പനിയിൽ നിക്ഷേപിച്ചു എന്നാണ് രേഖകൾ. 2017, 18, 19 കാലഘട്ടത്തിൽ 1.72 കോടി അല്ലാതെ 42,48000 രൂപയും സി എം ആർ എൽ വീണയുടെ കമ്പനിക്ക് ലഭിച്ചു. ഇതു കൂടാതെ 36 ലക്ഷം രൂപ കർത്തയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നും വീണയുടെ കമ്പനിക്ക് ലഭിച്ചു. 1.72 ലക്ഷം രൂപ കമ്പനികൾ തമ്മിലുള്ള കരാറിന്റെ പേരിൽ ആണ് വീണയുടെ കമ്പനി വാങ്ങിയതെങ്കിൽ ഇതിനുള്ള ജിഎസ്ടി നികുതി വീണയുടെ കമ്പനി ഒടുക്കിയിരുന്നോ എന്ന് സി പി എം വ്യക്തമാക്കണം. 6 ലക്ഷം രൂപ മാത്രമാണ് വീണയുടെ കമ്പനി ജിഎസ്ടി അടച്ചത്. 30 ലക്ഷത്തോളം രൂപ ജിഎസ്ടി ഒടുക്കേണ്ടിടത്താണ് ഇത്. ഈ വിഷയം പരാതിയായി ധനമന്ത്രിക്ക് ഇമെയിലിൽ താൻ ഇപ്പോൾ നൽകുകയാണ്. ഒന്നുകിൽ വീണ മാസപ്പടി വാങ്ങിയെന്ന് അംഗീകരിക്കണം. ഇല്ലെങ്കിൽ നികുതി വെട്ടിച്ചത് മാത്യു കുഴൽ നാടനല്ല വീണയാണെന്ന് സമ്മതിക്കണമെന്നും കുഴൽനാടൻ പറഞ്ഞു.