ഹൂസ്റ്റൺ: സർക്കാറിന്‍റെ ആരോഗ്യ പദ്ധതിയിൽനിന്ന് 463 മില്യൺ യു.എസ് ഡോളർ വെട്ടിച്ച ഇന്ത്യൻ വംശജനായ ലബോറട്ടറി ഉടമക്ക് 27 വർഷം തടവ്. ജോർജിയയിലുള്ള ലാബ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്‍റെ ഉടമയായ മിനൽ പട്ടേലിനാണ് (44) കോടതി തടവുശിക്ഷ വിധിച്ചത്. അനാവശ്യ ജനിതകപരിശോധനകൾ നടത്തുകയും ഇതിനായി വ്യാജരേഖകൾ ചമക്കുകയും ചെയ്ത ഇയാൾ മൂന്നു വർഷംകൊണ്ടാണ് വൻതുക കൈക്കലാക്കിയത്.
44 കാരനായ പട്ടേൽ ടെലിമെഡിസിൻ കമ്പനികൾ, കോൾ സെന്ററുകൾ എന്നിവരുമായി ഗൂഢാലോചന നടത്തിയാണ് തട്ടിപ്പ് നടത്തിയത്. രോഗികളുമായി ഫോണിൽ ബന്ധപ്പെട്ട് അവരുടെ ഇൻഷുറൻസ് പാക്കേജ് ചെലവേറിയ കാൻസർ ജനിതകപരിശോധനകൾ അടങ്ങുന്നതാണെന്നു വിശ്വസിപ്പിക്കുന്നതാണ് ഇതിന്റെ ആദ്യപടി. ടെസ്റ്റ് നടത്താൻ രോഗികൾ സമ്മതിച്ചാൽ ഇടനിലക്കാർക്കു കോഴ നൽകി ടെലിമെഡിസിൻ കമ്പനികൾ വഴി ടെസ്റ്റുകൾക്ക് അംഗീകാരം നൽകുന്ന ഡോക്ടർമാരുടെ കുറിപ്പടി സംഘടിപ്പിക്കും.
2016 ജൂലൈ മുതൽ 2019 ആഗസ്റ്റ് വരെ ഇത്തരത്തിൽ 63 മില്യൺ ഡോളറിലധികം ക്ലെയിമുകളാണ് ലാബ്‌സൊല്യൂഷൻസ് മെഡികെയറിലേക്ക് സമർപ്പിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പട്ടേലിന് മെഡികെയറിൽനിന്ന് വ്യക്തിപരമായി 21 മില്യൺ ഡോളർ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ ആസ്തി കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.