സിഡ്നി: കലാശപ്പോരിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ടിനെ തകർത്ത് സ്പെയിൻ വനിത ലോകകപ്പിൽ മുത്തമിട്ടു. 29ാം മിനിറ്റിൽ സ്പെയിൻ ക്യാപ്റ്റൻ ഒൾഗ കാർമോണയാണ് വിജയഗോൾ നേടിയത്. ചരിത്രത്തിലാദ്യമായാണ് സ്പെയിൻ വനിത ലോകകപ്പ് കിരീടം നേടുന്നത്.കന്നി കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കലാശക്കളിക്കിറങ്ങിയത്. സിഡ്നി ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന ആവേശപോരാട്ടത്തിൽ 29ാം മിനിറ്റിൽ നേടിയ ഗോളിന്റെ ബലത്തിൽ സ്പെയിൻ ആദ്യ പകുതി ഭരിച്ചെങ്കിലും രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് വീറോടെ പൊരുതുന്നതാണ് കണ്ടത്.
65ാം മിനിറ്റിൽ ഹാൻഡ് ബോളിനെ തുടർന്ന് സ്പെയിനിന് അനുകൂലമായി ലഭിച്ച പെനാൽറ്റി പാഴാക്കി. ജെന്നി ഹെർമോസയെടുത്ത കിക്ക് ഇംഗ്ലണ്ട് ഗോൾകീപ്പർ എർപ്സ് ഗംഭീരമായി തടഞ്ഞിടുകയായിരുന്നു. കിരീട നേട്ടത്തോടെ ജർമനിക്കു ശേഷം പുരുഷ, വനിതാ ലോകകപ്പുകൾ വിജയിക്കുന്ന ടീമായി സ്പെയിൻ മാറി.പല പ്രമുഖരുമില്ലാതെ ലോകകപ്പിനെത്തിയ സ്പെയിൻ ടീം വിവാദങ്ങൾക്കിടെ പൊരുതി നേടിയ കിരീടം കൂടിയാണിത്. പരിശീലകൻ ജോർജ് വിൽഡക്കെതിരെ താരങ്ങൾ കൂട്ടത്തോടെ രംഗത്തെത്തിയതിനെത്തുടർന്ന് കലുഷിതമായിരുന്നു ഏതാനും മാസം മുമ്പ് സ്പെയിൻ ടീമിലെ അവസ്ഥ. വിൽഡയാണ് കോച്ചെങ്കിൽ തങ്ങളെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് 15ഓളം കളിക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.