ജനീവ: പുതിയ കൊവിഡ് വകഭേദത്തെക്കുറിച്ച് സൂചന നല്‍കി ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ) യു.എസ് ആരോഗ്യ വകുപ്പും. ജനിതകഘടനയില്‍ 30ല്‍ അധികം മാറ്റങ്ങള്‍ സംഭവിച്ച ബിഎ.2.86 വകഭേദമാണ് യു.എസിലും ഡെന്മാര്‍ക്കിലും കണ്ടെത്തിയിരിക്കുന്നത്. പുതിയ ഭീഷണിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ‘പ്രത്യേകശ്രദ്ധ’ ആവശ്യമുള്ള ഗണത്തില്‍ ഉള്‍പ്പെടുത്തിയതായും ഡബ്ല്യു.എച്ച്.ഒ പുറത്തിറക്കിയ ബുള്ളറ്റിന്‍ ചൂണ്ടിക്കാട്ടി.
ഇസ്രയേലിലും വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ജൂലൈ 24നാണ് ആദ്യമായി വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം വകഭേദത്തിന്റെ വ്യാപനപരിധിയും ശേഷിയും സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. നിലവിലുള്ള ഒമിക്രോണ്‍, എക്‌സ്.ബി.ബി.1.5 വകഭേദങ്ങളില്‍നിന്നും 36 ജനിതക മാറ്റങ്ങളാണ് പുതിയതിന് ഉള്ളതെന്നും കൊവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ഇവയെ പ്രതിരോധിക്കാന്‍ കഴിയുമെന്നും അമേരിക്കന്‍ ആരോഗ്യ വിദഗ്ധന്‍ ഡോ. എസ്. വെസ്‌ലീ ലോങ് പറഞ്ഞു.