ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഉപരി പഠനത്തിനായി യു.എസിലേക്ക് പോയ 21 ഇന്ത്യന്‍ വിദ്യാര്‍ഥികളെ അമേരിക്കയുടെ എമിഗ്രേഷന്‍ വിഭാഗം എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കുകയും നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്ത വാര്‍ത്ത വലിയ ഞെട്ടലുളവാക്കിയിരുന്നു. വിസ നിയമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ അറ്റ്‌ലാന്റ, ചിക്കാഗോ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നീ എയര്‍പോര്‍ട്ടുകളില്‍ തടഞ്ഞുവെക്കുകയും പിന്നീട് നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തത്. തൊട്ടുപിന്നാലെ ഇവരുടെ മേല്‍ കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിട്ടുണ്ട്.
തിരിച്ചയച്ച 21 ഇന്ത്യന്‍ വിദ്യാര്‍ഥികളെയും അടുത്ത അഞ്ച് വര്‍ഷത്തേക്ക് യു.എസിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാനാണ് തീരുമാനം. കൂടാതെ യു.എസിന് പുറമെ അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രങ്ങളായി വിലയിരുത്തപ്പെടുന്ന കാനഡ, യു.കെ, ഓസ്‌ട്രേലിയ മുതലായ രാജ്യങ്ങളില്‍ പ്രവേശിക്കുന്നിതിനും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നാണ് പുതിയ വിവരം.
മാത്രമല്ല ഭാവിയില്‍ ഇവര്‍ക്ക് എച്ച് 1ബി വിസ നേടുന്നതിലടക്കം വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. മാത്രമല്ല സ്റ്റുഡന്റ് വിസ ക്യാന്‍സലായ സ്ഥിതിക്ക് വിസ ഫീസ്, വിമാന ടിക്കറ്റ്, യൂണിവേഴ്‌സിറ്റി അപേക്ഷ ഫീസ്, കണ്‍സള്‍ട്ടിങ് ചാര്‍ജ് എന്നിവയടക്കം ഭീമമായ തുകയാണ് നഷ്ടം വരുന്നത്.
ഒറ്റ ദിവസം തന്നെ 21 പേരെ നാടുകടത്തിയ സംഭവം മെച്ചപ്പെട്ട വിദ്യാഭ്യാസവും ജോലിയും സ്വപ്‌നം കാണുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എയര്‍ പോര്‍ട്ടില്‍ വെച്ച് നടത്തിയ ഡോക്യുമെന്റ് പരിശോധനയിലാണ് പലരും വിസ നിയമങ്ങള്‍ ലംഘിച്ചതായി എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയത്. തുടര്‍ന്നാണ് ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
അതേസമയം കൃത്യമാ രേഖകള്‍ തങ്ങള്‍ ഹാജരാക്കിയിട്ടാണ് തങ്ങള്‍ യാത്ര തിരിച്ചതെന്നും യു.എസിലെ കോളജുകളില്‍ പ്രവേശന നടപടികളടക്കം പൂര്‍ത്തിയായതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. നാട്ടിലേക്ക് തിരിച്ചയക്കാനുള്ള കാരണം എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും തങ്ങളുടെ മൊബൈല്‍ ഫോണുകളും വാട്‌സ് ആപ്പ് ചാറ്റുകളുമടക്കം എമിഗ്രേഷന്‍ ഓഫീസര്‍മാര്‍ പരിശോധിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.