Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനവജാത ശിശുക്കളെ കൊലപ്പെടുത്തിയ യുകെയിലെ എൻഎച്ച്എസ് നഴ്സ് ലൂസി ലെറ്റ്ബിക്ക് മരണം വരെ ജയിൽ ശിക്ഷ

നവജാത ശിശുക്കളെ കൊലപ്പെടുത്തിയ യുകെയിലെ എൻഎച്ച്എസ് നഴ്സ് ലൂസി ലെറ്റ്ബിക്ക് മരണം വരെ ജയിൽ ശിക്ഷ

ലണ്ടൻ/മാഞ്ചസ്റ്റർ∙ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ യുകെയിലെ എൻഎച്ച്എസ് നഴ്സ് ലൂസി ലെറ്റ്ബിക്ക് (33) മരണം വരെ ജയിൽ ശിക്ഷ. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരവും മുൻകൂട്ടി നിശ്ചയിച്ചതുമായ കൊലപാതകങ്ങളാണ് ലൂസി ലെറ്റ്ബി നടത്തിയതെന്ന് വിചാരണ ജഡ്ജിയായ ജസ്റ്റിസ് ഗോസ് കെസി പറഞ്ഞു. ദുർബലരായ കുട്ടികളെ കൊലപ്പെടുത്തിയ പ്രതി രാജ്യത്തിന് അപകീർത്തികരമായ കൊലപാതകങ്ങളാണ് നടത്തിയതെന്ന്‌ പറഞ്ഞ കോടതി കുറ്റകൃത്യത്തെ ലഘൂകരിക്കുന്ന ഘടകങ്ങളൊന്നും കാണുന്നില്ലന്നും നിരീക്ഷിച്ചു. കൊലപാതകങ്ങളിൽ പശ്ചാത്താപമില്ലാത്ത പ്രതി ജീവിത കാലം മുഴുവൻ ജയിൽ ശിക്ഷ അനുഭവിക്കാൻ അർഹയാണെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.

ശിക്ഷ വിധിക്കുമ്പോൾ ലൂസി ലെറ്റ്ബി കോടതിയിൽ നേരിട്ട് ഹാജരായില്ല. കോടതിയിൽ നടക്കുന്ന ശിക്ഷാ വിധിയിൽ ഹാജരാകാൻ ലൂസി ലെറ്റ്ബി കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു. ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിൽ ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി കണ്ടെത്തിയത്. ഏകദേശം 87 മണിക്കൂർ നീണ്ട ജൂറി ചർച്ചകളെത്തുടർന്നാണ് ലൂസി ലെറ്റ്ബിയെ മാഞ്ചസ്റ്റർ ക്രൗൺ കോടതി കുറ്റവാളി ആണെന്ന് കണ്ടെത്തിയത്. പ്രതിയുടെ ബാരിസ്റ്റർ കെ സി ബെഞ്ചമിൻ മിയേഴ്സാണ് വിധി പുറപ്പെടുവിക്കുമ്പോൾ പ്രതി ഹാജരാകില്ല എന്ന് അറിയിച്ചത്. പ്രതിയെ നേരിട്ട് ഹാജരാകണമെന്ന് നിർബന്ധിക്കാൻ നിലവിലെ നിയമം അനുസരിച്ച് കോടതിക്ക് കഴിയില്ലെന്ന് വിചാരണ ജഡ്ജിയായ ജസ്റ്റിസ് ഗോസ് കെസി വിധി പുറപ്പെടുവിക്കുമ്പോൾ പറഞ്ഞു.

പ്രതികൾ നേരിട്ട് ഹാജരാകുന്ന തരത്തിൽ ഇത്തരം നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ഗൗരവകരമായി ആലോചിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. ഇതിനിടയിൽ ലൂസി ലെറ്റ്ബി തന്റെ പരിചരണത്തിലുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തപ്പോൾ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ നഴ്സിങിന്റെ ചുമതലയുണ്ടായിരുന്നു സീനിയർ മാനേജർ അലിസൺ കെല്ലിയെ സസ്പെൻഡ് ചെയ്തു. അലിസൺ കെല്ലിയും മറ്റ് മാനേജർമാരും ലൂസി ലെറ്റ്ബിയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതായി ആരോപണമുയർന്നിരുന്നു. അഞ്ച് ആൺകുഞ്ഞുങ്ങളേയും രണ്ട് പെൺകുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് ലൂസി ലെറ്റ്ബിയാണെന്ന് ചെഷെയർ പൊലീസ് അന്വേഷണത്തിലാണ് കണ്ടെത്തിയത്. കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലൂസി ലെറ്റ്ബി 2015 -16 കാലയളവിലാണ് രാത്രി ജോലിക്കിടെ കൊലപാതകങ്ങൾ നടത്തിയത്. ഇൻസുലിൻ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാൽ കുടിപ്പിച്ചും ഞരമ്പിൽ വായു കുത്തി വെച്ചും കുഞ്ഞുങ്ങളെ കൊന്നതെന്നാണ് തെളിഞ്ഞിട്ടുള്ളത്.

രോഗമൊന്നുമില്ലാത്ത നവജാതശിശുക്കൾ തുടർച്ചയായി കുഞ്ഞുങ്ങൾ മരിക്കുന്നതു ശ്രദ്ധയിൽപെട്ട ഡോക്ടർമാർ നടത്തിയ അന്വേഷണമാണ് ലൂസിയുടെ ക്രൂരത പുറംലോകമറിയാൻ കാരണമായത്. ഇതിൽ ലൂസിയുടെ പെരുമാറ്റത്തിൽ ആദ്യം സംശയം പ്രകടിപ്പിച്ചത് ഡോ. രവി ജയറാമാണ്. ശിശുരോഗ വിദഗ്ദ്ധനായ രവി ജയറാം അടക്കമുള്ള ഡോക്ടർമാർ ഉയർത്തിയ ആശങ്കകൾ ആശുപത്രി അധികൃതരെ അറിയിച്ചുവെങ്കിലും മാനേജ്മെന്റ് ആദ്യം തള്ളി കളയുകയാണ് ഉണ്ടായത്. എന്നാൽ ഡോക്ടർമാർ തങ്ങളുടെ സംശയങ്ങളിൽ ഉറച്ചു നിന്നതോടെ 2016 ഡ്യൂട്ടിയിൽ നിന്ന് ലൂസി ലെറ്റ്ബിയെ മാറ്റി നിർത്തി. എന്നാൽ ഇതിനെതിരെ പരാതി നൽകിയ ലൂസി ലെറ്റ്ബിയോട് മാനേജ്മെന്റ് നിർദ്ദേശ പ്രകാരം ഡോക്ടർമാർക്ക് ക്ഷമാപണം നടത്തേണ്ടി വന്നതായി ആരോപണമുണ്ട്.ഡോക്ടർമാർ കുഞ്ഞുങ്ങളുടെ തുടർച്ചയായ മരണത്തിൽ ആശങ്ക പ്രകടിപ്പിച്ചതോടെ 2017 ലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തങ്ങളുയർത്തിയ ആശങ്കകളിൽ ഉടനെ അന്വേഷണം നടന്നിരുന്നുവെങ്കിൽ മൂന്നോളം കുഞ്ഞുങ്ങളെയെങ്കിലും രക്ഷിച്ചെടുക്കാമായിരുന്നുവെന്ന് ഡോ.രവി ജയറാം പിന്നീട് പ്രതികരിച്ചു. അറസ്റ്റിനു ശേഷം ലൂസിയുടെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ‘ഞാൻ കുഞ്ഞുങ്ങളെ നോക്കാൻ പ്രാപ്തയല്ല. അതിനാൽ കൊലപ്പെടുത്തി. ഞാൻ പിശാചാണ്’ എന്നു ലൂസി തന്നെ എഴുതിവച്ച രേഖകൾ കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ലൂസി തുടർച്ചയായി നിരീക്ഷിക്കുന്നതായും പൊലീസ് കണ്ടെത്തി. എന്നാൽ ഇത്തരമൊരു ക്രൂര കൃത്യത്തിന് ലൂസി ലെറ്റ്ബിയെ പ്രേരിപ്പിച്ചത് എന്തെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments