Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യക്ക് മാത്രമായി വിസ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരാനൊരുങ്ങി യു.കെ

ഇന്ത്യക്ക് മാത്രമായി വിസ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരാനൊരുങ്ങി യു.കെ

സമീപ കാലത്തായി യു.കെയിലെ വര്‍ധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധ വികാരം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. യു.കെയുമായി കൊളോണിയല്‍ കാലത്തോളം പഴക്കമുള്ള ഉഭയ കക്ഷി ബന്ധവും, ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഇതിനോടകം യു.കെയിലേക്ക് കുടിയേറിയിട്ടുണ്ടെന്നതും ഇതിനൊരു കാരണമാണ്. വിസ നിയമങ്ങളും എമിഗ്രേഷന്‍ നിയമങ്ങളും കര്‍ശനമാക്കാനുള്ള ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നീക്കം യു.കെയിലേക്ക് കുടിയേറാന്‍ ആഗ്രഹിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയും സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഇന്ത്യക്ക് മാത്രമായി യു.കെ തങ്ങളുടെ വിസ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇന്ത്യയുമായുള്ള സ്വതന്ത്ര്യ വ്യാപാരക്കരാറിന്റെ അടിസ്ഥാനത്തില്‍ വിസ നിയമങ്ങള്‍ ലഘൂകരിക്കാന്‍ യു.കെ തയ്യാറെടുക്കുന്നുണ്ടെന്ന വാര്‍ത്തയാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ ബ്രക്‌സിറ്റിന് ശേഷം യു.കെയില്‍ ഉയര്‍ന്നുവന്ന കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പുതിയ തീരുമാനം എത്രത്തോളം പ്രാവര്‍ത്തികമാക്കുമെന്ന കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ യു.കെ തയ്യാറായിട്ടില്ല. എങ്കിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ വിദഗ്ദ തൊഴിലാളികള്‍ക്കായുള്ള വിസ നിയമങ്ങളില്‍ ഇളവ് വരുത്താനുള്ള നിയമം യു.കെ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ചില ഇന്ത്യന്‍ ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റം വ്യാപാരം എന്നീ മേഖലകളില്‍ വര്‍ധിച്ച് വരുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്താനായി ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നതായും ഇവര്‍ പറഞ്ഞു.

മാത്രമല്ല ഇന്ത്യയും യു.കെയും തമ്മില്‍ സ്വതന്ത്ര്യ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കിടെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കുള്ള വര്‍ക്കിങ് വിസ ചട്ടങ്ങളിലും പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനുള്ള സൂചനകളുള്ളതായി എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റില്‍ നടക്കുന്ന ജി.20 ഉച്ചക്കോടിയില്‍ യു.കെ, യൂറോപ്യന്‍ യൂണിയന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപര-കുടിയേറ്റ് വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് ഇന്ത്യന്‍ കൊമേഴ്‌സ് സെക്രട്ടറി സുനില്‍ ബര്‍ത്ത്‌വാലും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വ്യാപാര കരാറുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ യു.കെ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റം നിയന്ത്രിക്കുമെന്നത് ഋഷി സുനക് സര്‍ക്കാരിന്റെ ആഭ്യന്തര നയമാണെന്നിരിക്കെ ഇന്ത്യയോടുള്ള സമീപനം എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന കാര്യവും കാത്തിരുന്ന് കാണേണ്ടി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments