ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഉന്നതതല യോഗം ചേർന്നു. കോവിഡ് പോസിറ്റീവായവരുടെ ജീനോം സ്വീക്വൻസിങ്ങിന്റെ വിവരങ്ങൾ ക്രോഡീകരിച്ച് കൃത്യമായി നിരീക്ഷിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ലോകത്ത് പുതിയതായി കണ്ടെത്തിയ വകഭേദങ്ങളുമായി സാമ്യമുണ്ടോയെന്നു പരിശോധിക്കണമെന്നും അറിയിച്ചു.
രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം സുസ്ഥിരമായി നിലനിൽക്കുന്നതിനാലും പൊതുജനാരോഗ്യ കേന്ദ്രങ്ങളെല്ലാം ഇതിനെതിരെ ഫലവത്തായ നടപടികൾ കൈക്കൊള്ളുന്നതിനാലും ഇൻഫ്ലുവൻസ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.പി.കെ.മിശ്ര അറിയിച്ചു.
ബിഎ 2.86, ഇജി.5, തുടങ്ങിയ വകഭേദങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഇജി.5 അൻപതോളം രാജ്യങ്ങളിലും ബിഎ 2.86 നാലു രാജ്യങ്ങളിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലോകത്ത് 2,96,219 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 223 കേസുകളാണ്. അതായത് ലോകത്തിൽ ആകെ റിപ്പോർട്ട് ചെയ്തതിൽ 0.075 ശതമാനമാണിത്.