കോട്ടയം: ഉമ്മൻ ചാണ്ടി തനിക്ക് നൽകിയ സഹായം മാധ്യമങ്ങൾക്കു മുന്നിൽ പങ്കുവച്ചതോടെ ജോലി നഷ്ടപ്പെട്ട വേദനയിലാണ് ഒരു വീട്ടമ്മ. വെറിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന സതിയമ്മയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ സതിയമ്മയ്ക്ക് കഴിഞ്ഞ 11 വർഷമായി ഉണ്ടായിരുന്ന ജോലിയാണ് നഷ്ട്ടപ്പെട്ടത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സതിയമ്മയുടെ പ്രതികരണം. ഞായറാഴ്ച ചാനലില്‍ ഇത് വന്നതിനു പിന്നാലെ ജോലിക്കുകയറേണ്ടെന്ന അറിയിപ്പ് ലഭിച്ചു.
15 വര്‍ഷമായി തുടര്‍ന്ന ജോലിയാണ് നഷ്ടമായതെന്നും ഉമ്മന്‍ചാണ്ടി ചെയ്ത സഹായങ്ങള്‍ മാത്രമാണ് മാധ്യമങ്ങളില്‍ പങ്കുവച്ചതെന്നും സതിയമ്മ പറഞ്ഞു. സതിയമ്മയുടെ ഭർത്താവ് രാധാകൃഷ്ണനു തടിപ്പണിയായിരുന്നു ജോലി. ഇപ്പോൾ ജോലിക്കു പോകാൻ കഴിയുന്നില്ല. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതിയമ്മയുടെ വരുമാനം. തനിക്കു പ്രത്യേകിച്ചു രാഷ്ട്രീയമൊന്നും ഇല്ലെന്നും ഉമ്മൻ ചാണ്ടി ചെയ്ത സഹായം മറക്കാൻ കഴിയാത്തതിനാൽ പറഞ്ഞതാണെന്നും സതിയമ്മ പറഞ്ഞു.
അതേസമയം സതിയമ്മയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് ശരിയായില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നൊക്കെ പറയുന്നവരാണോ ഇതൊക്കെ ചെയ്യുന്നതെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.