മലപ്പുറം: തുവ്വൂരില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ട കേസിലെ പ്രതികളില്‍ ഒരാള്‍ മുന്‍പ് പോക്‌സോ കേസില്‍ പ്രതിയായിരുന്നുവെന്ന് മലപ്പുറം എസ് പി സുജിത്ത് ദാസ്. നാല് പേരും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വീടിന്റെ ഉടമ വിഷ്ണു, വിഷ്ണുവിന്റെ അച്ഛന്‍ മുത്തു എന്ന കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരന്മാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവിന്റെ വീടിന് സമീപമാണ് മൃതദേഹം കുഴിച്ചുമൂടിയിരുന്നത്. യുവതിയുടെ ആഭരണങ്ങള്‍ കവരുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജനലില്‍ കെട്ടി തൂക്കി മരണം ഉറപ്പിച്ചു. ശേഷം വീട്ടിലെ കട്ടിലിന്റെ അടിയില്‍ മൃതദേഹം ഒളിപ്പിച്ചു. രാത്രിയില്‍ നാല് പേരും കൂടി കുഴിച്ചുമൂടി. സംഭവത്തെ കുറിച്ച് അച്ഛന് അറിവ് ഉണ്ടായിരുന്നുവെന്നും എസ് പി പറഞ്ഞു.
സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം അന്ന് തന്നെ വില്‍പ്പന നടത്തി. ലഭിച്ച തുക പ്രതികള്‍ തുല്യമായി വീതിച്ചെടുത്തെന്നും എസ് പി പറഞ്ഞു. തുവ്വൂര്‍ പള്ളിപ്പറമ്പ് സ്വദേശി മനോജിന്റെ ഭാര്യ സുജിതയാണ് കൊല്ലപ്പെട്ടത്. ഈ മാസം 11 മുതല്‍ സുജിതയെ കാണാതായിരുന്നു. തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സുജിത.
സംഭവ ദിവസം ചികിത്സയ്ക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു സുജിത വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് കാണാതാകുകയായിരുന്നു. സുജിതയുടെ തിരോധാനത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വിഷ്ണുവിന്റെ വീടിന്റെ സമീപത്തുനിന്ന് മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.
പഞ്ചായത്തിന്റെ പരിസരത്ത് വെച്ച് സുജിതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംശയം തോന്നിയതോടെ സുഹൃത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. മെറ്റലും മറ്റും കൂട്ടിയിട്ടിരുന്നിടത്ത് മണ്ണ് ഇളകികിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാരുടെ അടക്കം സഹായത്തോടെ മണ്ണ് മാറ്റി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയത്.