തിരുവനന്തപുരം: വായ്പ കുടിശിക അടക്കാത്തതിന് കെഎസ്ആർടിസിക്ക് കെടിഡിഎഫ്സിയുടെ ജപ്തി നോട്ടീസ്. എത്രയും വേഗം പണമടച്ചില്ലെങ്കിൽ വസ്തുക്കൾ ജപ്തി ചെയ്യും. 700 കോടി രൂപയാണ് കെടിഡിഎഫ്സിയിൽ അടയ്ക്കാനുള്ളത്. ഇനി അറിയിപ്പ് ഉണ്ടാകില്ലെന്നും കെടിഡിഎഫ്സി നോട്ടീസിൽ പറയുന്നു.
ഇതിനിടെ കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി ഗതാഗത മന്ത്രി ആന്‍റണി രാജു ചർച്ച നടത്തി. 40 കോടി രൂപ ഉടന്‍ നൽകാന്‍ ധനവകുപ്പ് ശ്രമിക്കുന്നുണ്ടെന്ന് ആന്‍റണി രാജു അറിയിച്ചു. കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ പണം എത്തിയാൽ ഉടന്‍ തന്നെ ശമ്പളം വിതരണം ചെയ്യാൻ ക്രമീകരണം ഏർപ്പടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ തല നടപടി ക്രമങ്ങളില്‍ കാലതാമസം ഉണ്ടാകാം, അങ്ങനെ ഉണ്ടാകരുത് എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയമാണ്. ബൾക്ക് പർച്ചേസ് കേന്ദ്രം എടുത്തുമാറ്റി. ഇങ്ങനെ കോടികളുടെ അധിക ചെലവുണ്ടായി. എന്നാല്‍ ഇതിനെ ആരും വിമർശിക്കാറില്ലെന്നും ആന്‍റണി രാജു ആരോപിച്ചു. ജൂലൈ വരെ കൊടുക്കാൻ ഉള്ള ശമ്പളം കൊടുത്ത് തീർത്തിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിനകം കൊടുക്കാൻ ഉള്ളത് മാത്രമാണ് ഇനി ബാക്കി ഉള്ളത്. പലരും വിഷയം അവതരിപ്പിക്കുന്നത് കേട്ടാൽ മാസങ്ങളായി ശമ്പളം നൽകിയിട്ടില്ല എന്നു തോന്നുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഓണകാലത്ത് ഹൈക്കോടതിയാണ് കൂപ്പണ്‍ കൊടുക്കാൻ ഉത്തരവിട്ടത്. കെഎസ്ആർടിസി കൂപ്പണ്‍ കൊടുക്കാൻ ഹൈക്കോടതിയോട് അനുമതി തേടിയിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. സ്വിഫ്റ്റിന് ലഭിക്കുന്ന പണം കെഎസ്ആർടിസിക്ക് വേണ്ടിയാണ് അടയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.