ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജനപ്രിയ വാഗ്ദാനങ്ങള്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ സ്ത്രീകള്‍ക്ക് മാസത്തില്‍ 1500 രൂപ നല്‍കുമെന്നും പാചകവാതക വില 500 രൂപയാക്കുമെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ ബുന്ദേല്‍ഖണ്ഡില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രഖ്യാപനം. അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശില്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.
സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് കടക്കെണിയില്‍ നിന്നും ആശ്വാസം നല്‍കുമെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പഴയ സ്‌കീം പ്രകാരമാക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി. നൂറ് യൂണിറ്റ് വരെ വൈദ്യുത ഉപയോഗത്തിന് ചാര്‍ജ്ജ് ഈടാക്കില്ലെന്നും ഖാര്‍ഗെ വാഗ്ദാനം ചെയ്തു.
നേരത്തെ കര്‍ണ്ണാകടയില്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറിയിരുന്നു. ഹിമാചലിലും കര്‍ണ്ണാടകയിലും സമാനമായ വാഗ്ദാനങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.