കൊച്ചി: ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമ്മാണം നിർത്തിവെക്കണമെന്ന് ഹൈക്കോടതി. ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടാമെന്നും കോടതി അറിയിച്ചു. കെട്ടിട നിർമ്മാണ നിയന്ത്രണങ്ങൾ ലംഘിച്ച് നിർമ്മിക്കുന്ന പാർട്ടി ഓഫീസുകളുടെ നിർമ്മാണമാണ് നിർത്തിവെക്കാൻ ഉത്തരവായത്. ഉടുമ്പൻചോല, വൈസൺവാലി, ശാന്തൻപാറ ഓഫീസുകളുടെ നിർമ്മാണമാണ് നിർത്തിവെക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ജില്ലാ കളക്ടർക്കാണ് ബെഞ്ച് നിർദ്ദേശം നൽകിയത്. നിർമ്മാണം തടയാനായി കളക്ടർക്ക് പോലീസ് സഹായം തേടാമെന്നും കോടതി പറഞ്ഞു. ഭൂപതിവ് ചട്ടം,സ കാർഡമം ഹിൽ റിസർവിലെ നിർമ്മാണ ചട്ടം എന്നിവ ലംഘിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് നേരത്തെ സ്‌റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് വീണ്ടും നിർമ്മാണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കോടതി നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.
ദേവികുളം താലൂക്കിൽ വീട് നിർമ്മിക്കുന്നതിനടക്കം റവന്യു വകുപ്പിന്റെ എൻഒസി വേണമെന്നിരിക്കെയാണ് രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും സിപിഎം പാർട്ടി ഓഫീസിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിച്ചിരുന്നത്.