പി പി ചെറിയാൻ
ജോർജിയ: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ മാസം 24 ന് ഫുൾട്ടൺ കൗണ്ടി ജയിലിൽ സ്വയം കീഴടങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. തിങ്കളാഴ്‌ച ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസുമായി നടത്തിയ ചർച്ചയിൽ ബോണ്ടും റിലീസ് വ്യവസ്ഥകളും അംഗീകരിച്ചതിനെ തുടർന്നാണ് ട്രംപ് കീഴടങ്ങാനുള്ള തീയതി തീരുമാനിച്ചതെന്നാണ് വിവരം.
കഴിഞ്ഞയാഴ്ച പുറത്ത് വന്ന 98 പേജുള്ള ജോർജിയ കുറ്റപത്രത്തിൽ, 2020 ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തോൽവി മറികടക്കാനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ട്രംപിനും മറ്റ് 18 പ്രതികൾക്കുമെതിരെ മൊത്തം 41 ക്രിമിനൽ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ട്രംപ് കീഴടങ്ങുമ്പോൾ, റൈസ് സ്ട്രീറ്റ് ജയിലിന് ചുറ്റുമുള്ള പ്രദേശത്ത് ‘ഹാർഡ് ലോക്ക്ഡൗൺ’ ഉണ്ടാകുമെന്ന് പ്രാദേശിക ഷെരീഫിന്റെ ഓഫിസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. കീഴടങ്ങുന്ന സമയത്തെക്കുറിച്ച് വിവരങ്ങൾ ഒന്നും അധികൃതർ പുറത്ത് വിടാൻ തയ്യാറായിട്ടില്ല. വിഷയത്തില്‍ ട്രംപിന്റെ വക്താവ് പ്രതികരിച്ചിട്ടില്ല.
200,000 ഡോളർ ബോണ്ടും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണി പാടില്ലെന്ന നിർദേശവും 2020 ലെ തിരഞ്ഞെടുപ്പ് തോൽവി മറികടക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് മുൻ യുഎസ് പ്രസിഡന്റ് ജോർജിയയിൽ വിചാരണ നേരിടാൻ പോകുന്ന സാഹചര്യത്തിൽ അനുസരിക്കേണ്ടി വരുമെന്നാണ് സൂചന. ട്രംപിന്റെ അറ്റോർണിമാരും ഫുൾട്ടൺ കൺട്രി ഡിസ്ട്രിക്റ്റ് അറ്റോർണി ഫാനി വില്ലിസും ഒപ്പിട്ട ബോണ്ട് കരാറിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും നീതി നിർവ്വഹണം തടസ്സപ്പെടുത്തുന്നതിനുമുള്ള നീക്കം പാടില്ലെന്നത് വിടുതൽ വ്യവസ്ഥയായി ഉൾപ്പെടുത്തിയിട്ടുണ്ട്.
2024-ലെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനേഷനിൽ ഏറ്റവുമധികം വിജയസാധ്യതയുള്ളത് ട്രംപിനാണ്. അടുത്ത വർഷം മാർച്ച് നാലിന് വിചാരണ ആരംഭിക്കണമെന്ന് കേസിലെ പ്രോസിക്യൂട്ടർമാർ നിർദ്ദേശിച്ചു. അതേസമയം, വിചാരണ നീട്ടുന്നതിനാണ് ട്രംപിന്‍റെ അഭിഭാഷകർ ലക്ഷ്യമിടുന്നത്.