കോന്നി : കുടിയേറ്റം അതിജീവനത്തിനു വേണ്ടിയായിരുന്നെങ്കിൽ ഇപ്പോൾ ജീവിത വിജയത്തിനു വേണ്ടിയുള്ളതാണെന്ന് നോർക്ക റൂട്സ് സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. കരിയാട്ടം ടൂറിസം എക്സ്പോയിൽ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെക്കാളും വലിയ കേരളം ഇന്ത്യയ്ക്കു പുറത്താണുള്ളത്. വിദ്യാഭ്യാസ മേഖലയിൽ 54 രാജ്യങ്ങളിലാണ് കേരളത്തിൽ നിന്ന് ഉപരിപഠനത്തിനായി പോയിട്ടുള്ളത്. സംസ്ഥാനത്തെ ജനസംഖ്യയുടെ ആറിൽ ഒന്നും കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തും വിദ്യാഭ്യാസം ചെയ്യുന്നവരാണ്. ജീവിതത്തിന്റെ നല്ലൊരു പങ്കും വിദേശ രാജ്യങ്ങളിൽ കഴിഞ്ഞ് മടങ്ങി വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ നോർക്ക റൂട്ട്സ് 150 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരും സംഗമത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. കെ.യു.ജനീഷ് കുമാർ എംഎൽഎ പ്രവാസികളെ ആദരിച്ചു.ലോക കേരളസഭാംഗം രഘുനാഥ് ഇടത്തിട്ട, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ജോർജ് വർഗീസ്, പ്രവാസി കമ്മിഷൻ അംഗം പീറ്റർ മാത്യു, പ്രവാസി ജില്ലാ സംഘം പ്രസിഡന്റ് ജേക്കബ് മാത്യു, പ്രവാസി ഹെൽപ് ഡെസ്ക് കോഓർഡിനേറ്റർ പി.എൻ.സദാശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.