ദുബായ്: ഈ മാസം 19ന് നടന്ന മഹ്സൂസ് 142-ാമത് പ്രതിവാര നറുക്കെടുപ്പിൽ മലയാളിക്ക് രണ്ടര കോടിയോളം രൂപ(10 ലക്ഷം ദിർഹം) സമ്മാനം. ഷാർജയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി രതീഷാ(41)ണ് കോടികൾ ലഭിച്ച ഭാഗ്യവാൻ. ഇതേ നറുക്കെടുപ്പിൽ ഫിലിപ്പീനി യുവതിക്ക് 50,000 ദിർഹം വിലമതിക്കുന്ന സ്വർണനാണയങ്ങളും സമ്മാനം ലഭിച്ചു
കഴിഞ്ഞ 14 വർഷമായി കുടുംബത്തോടൊപ്പം യുഎഇയിൽ താമസിക്കുന്ന ബിസിനസുകാരനായ രതീഷ് ആരംഭം തൊട്ട് മഹ്സൂസ് പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. നേരത്തെ ഒരു തവണ 35 ദിർഹം സമ്മാനം ലഭിച്ചിരുന്നു. ഓരോ പ്രാവശ്യവും ചെറിയ തുകയെങ്കിലും കിട്ടണമെന്നായിരുന്നു ആഗ്രഹിച്ചത്. രണ്ട് കുട്ടികളുടെ പിതാവായ ഇദ്ദേഹം മികച്ച ബാഡ്മിന്റൺ കളിക്കാരനാണ്. ജീവിതത്തെ മാറ്റിമറിച്ച വാർത്ത മഹ്‌സൂസിൽ നിന്ന് ഇ–മെയിൽ വഴി വിവരം ലഭിച്ചപ്പോൾ തനിക്കും ഭാര്യക്കും ഏറെ സന്തോഷം തോന്നിയെന്ന് രതീഷ് പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് ഇന്ത്യയിൽ തന്റെ സ്വപ്‌ന ഭവനം നിർമിക്കാനും യുഎഇയിൽ ബിസിനസ് വിപുലീകരിക്കാനുമാണ് പദ്ധതി.
ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ടെക്‌നിക്കൽ സപോർട്ട് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന ജോസെലിൻ(47) ഗോൾഡൻ സമ്മർ ഡ്രോയിലൂടെയാണ് സ്വർണനാണയങ്ങൾ സ്വന്തമാക്കിയത്. ദശാബ്ദത്തിലേറെയായി യുഎഇയിലുള്ള ഇവർ മഹ്സൂസിൽ സമ്മാനം നേടുന്നത് ഇത് ആദ്യ തവണയല്ല. നേരത്തെ രണ്ടാം സമ്മാനമായ 2 ലക്ഷം ദിർഹം മറ്റ് വിജയികളുമായി പങ്കിട്ടിരുന്നു. സ്വർണ നാണയങ്ങൾ വിൽക്കില്ലെന്നും ഓർമയായി സൂക്ഷിക്കുമെന്നും ജോസ് ലിൻ പറഞ്ഞു. ഈ നറുക്കെടുപ്പിൽ മറ്റ് 826 പേർക്ക് ആകെ 4,04,250 ദിർഹം സമ്മാനത്തുകയായി ലഭിച്ചതായി അധികൃതർ അറിയിച്ചു.
35 ദിർഹത്തിന് ഒരു കുപ്പി മഹ്‌സൂസ് വെള്ളം വാങ്ങിയാലാണ് മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കാനാകുക. എല്ലാ ശനിയാഴ്ചയും നടക്കുന്ന നറുക്കെടുപ്പിലും 20 ദശലക്ഷം നൽകുന്ന പ്രതിവാര ഗ്രാൻഡ് ഡ്രോ നറുക്കെടുപ്പിലും ഉൾപ്പെടും. ഒരു ഗ്യാരണ്ടീഡ് കോടീശ്വരന് 10 ലക്ഷം ദിർഹം നറുക്കെടുപ്പിലൂടെ ലഭിക്കും. ജൂലൈ 29 നും സെപ്റ്റംബർ 2 നും ഇടയിൽ മഹ്സൂസിൽ പങ്കെടുക്കുന്നവർക്ക് ഓഗസ്റ്റ് അഞ്ച് മുതൽ എല്ലാ ശനിയാഴ്ചയും പ്രത്യേക ഗോൾഡൻ ഡ്രോയിൽ 50,000 ദിർഹം വിലമതിക്കുന്ന സ്വർണ നാണയങ്ങൾ അധികമായി നേടാനുള്ള അവസരവുമുണ്ട്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്‌നോളജി ആൻഡ് ഓപറേഷൻസ് മാനേജ്‌മെന്റ് കമ്പനിയാണ് മഹ്സൂസിന്റെ മാനേജിങ് ഓപറേറ്ററായ ഇവിങ്സ്. വിവരങ്ങൾക്ക്: www.mahzooz.ae