ചന്ദ്രയാന്-3 ദൗത്യത്തിന്റെ വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗില്‍ ഇന്ത്യയെ അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യയുടെ സുപ്രധാനമായ കുതിപ്പാണ് ചന്ദ്രയാന്‍-3 എന്ന് പുടിന്‍ പറഞ്ഞു. ഐഎസ്ആര്‍ഒ സാരഥികളേയും ചന്ദ്രയാന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരേയും തന്റെ അഭിനന്ദനം അറിയിക്കണമെന്ന് പുടിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും സന്ദേശമയച്ചു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി എത്തിത്തൊടാന്‍ സാധിച്ച രാജ്യമെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യയെ അഭിനന്ദിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ഇന്ത്യ ചരിത്രം കുറിച്ചെന്നും ഇന്ത്യയിലെ സുഹൃത്തുക്കളെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.