തിരുവനന്തപുരം: ഓണാവധിക്കാലത്ത് അനധികൃത ഘനനവും കടത്തും തണ്ണീര്‍തടങ്ങള്‍ നികത്തലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് നടപടികള്‍. ഓഗസ്റ്റ് 27 മുതൽ 31 വരെ സംസ്ഥാനച്ച് പൊതു അവധി ദിവസങ്ങൾ ആയതിനാൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമുണ്ടാവില്ലെന്ന് കരുതി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയേക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദേശം. പകലും രാത്രിയും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ഉള്‍പ്പെടെ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
അനധികൃതമായി മണ്ണ്, മണൽ, പാറ എന്നിവ ഖനനം ചെയ്യുവാനും കടത്താനും അനധികൃതമായി നിലം, തണ്ണീർത്തടങ്ങൾ നികത്താനും സാധ്യതയുള്ളതിനാൽ കർശന നടപടികൾക്കാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ താലൂക്ക് ഓഫീസുകളിലും പകലും രാത്രിയും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കുന്നതിനും പരിശോധനയ്ക്കുള്ള സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിനും തഹസിൽദാർമാർക്ക് കളക്ടര്‍ നിർദേശം നൽകി.