കൊച്ചി: മാസപ്പടി വിവാദത്തില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് ഇന്നും മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മറുപടി ‘ഓണാശംസകള്‍’. ഇന്ന് രണ്ടിടങ്ങളിലായി മാസപ്പടി വിവാദത്തില്‍ പ്രതിരണം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോടാണ് ആദ്യം ആശംസകള്‍ നേര്‍ന്നത്. ശേഷം മന്ത്രി നേരെ വാഹനത്തിലേക്ക് കയറി.
പിന്നീട് കളമശ്ശേരി കാര്‍ഷികോത്സവം ഉദ്ഘാടനം എത്തിയപ്പോഴും സമാനമായിരുന്നു ഉത്തരം. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തുടക്കം മുതല്‍ മന്ത്രി പ്രതികരിച്ചിരുന്നില്ല.
നവീകരണ പ്രവര്‍ത്തനം വിലയിരുത്താന്‍ തിരുവനന്തപുരം മാനവീയം വീഥിയിലെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചതോടെ ‘ആദ്യം ഇത് കേള്‍ക്കട്ടെ. ഇത് കഴിയട്ടെ. അത് വേറെയാണ്. അദ്ദേഹം അതിനായി വന്നതാണ്. മാനവീയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാം.’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇപ്പോള്‍ തനിക്ക് അനങ്ങാന്‍ പറ്റാത്ത സാഹചര്യമാണെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞത്.
”എനിക്ക് മുന്നോട്ടു നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ നടന്നാല്‍ മന്ത്രി മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്തു എന്ന് വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്. മിണ്ടാതിരുന്നാല്‍, ഉത്തരം മുട്ടി എന്ന് പറഞ്ഞ് വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്. ചിരിച്ചാല്‍, പരിഹസിച്ച ഭീകരന്‍ എന്നു പറഞ്ഞ് വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്. ഇനി തിരിഞ്ഞു നടന്നാല്‍, ഒളിച്ചോടി എന്നു പറഞ്ഞ് വാര്‍ത്ത വരാന്‍ സാധ്യതയുണ്ട്. ഞാനും ഒരു മനുഷ്യനാണ്. എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങള്‍ തന്നെ പറയൂ” ഇതായിരുന്നു അന്ന് മന്ത്രിയുടെ വാക്കുകള്‍.