ബ്രിക്സ് കൂട്ടായ്മയിലേക്ക് മുഴുവൻ സമയ അംഗങ്ങളാകാൻ ആറു രാജ്യങ്ങൾ കൂടി. യുഎഇ, സൗദി അറേബ്യേ, അർജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാൻ എന്നീ ആറ് രാജ്യങ്ങൾ ബ്രിക്‌സിൽ 2024 ജനുവരി മുതൽ അംഗമാകും. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് സിറിൽ റാമഫോസയാണ് പുതിയ അംഗരാജ്യങ്ങളുടെ പേരു പ്രഖ്യാപിച്ചത്. ബ്രിക്സിലേക്ക് രാജ്യങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.
ഇതിനിടെ സഖ്യത്തിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ ശ്രമം ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ തുടർന്നു തള്ളി. പാകിസ്താനെ ബ്രിക്സിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉച്ചകോടിയിൽ മുൻകൈയെടുക്കുകയായിരുന്നു. എന്നാൽ പാകിസ്താനെ ബ്രിക്സിന്റെ ഭാഗമാക്കുന്നതിൽ ഇന്ത്യ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഗാൽവൻ പ്രതിസന്ധിയ്ക്കു ശേഷം നാലു വർഷങ്ങൾ കഴിഞ്ഞാണ് നരേന്ദ്ര മോദിയും ഷി ജിൻപിങും പൊതുപരിപാടിയിൽ ഒന്നിച്ചെത്തുന്നത്.
ലോക രാജ്യങ്ങളുടെ വിസ്തൃതിയിൽ 4 ൽ 1 ഉൾക്കൊള്ളുന്നതാണ് ബ്രിക്സ് കൂട്ടായ്മയുടെ വ്യാപ്തി. പാക്കിസ്ഥാൻ വർഷങ്ങളായ് ബ്രിക്സിന്റെ ഭാഗമാകാൻ ശ്രമിയ്ക്കുന്നു. ആ രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബ്രിക്സ് പ്രവേശനത്തിനായുള്ള ഇത്തവണത്തെ അവരുടെ ശ്രമം. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുമ്പോൾ പാക്കിസ്ഥാനെയും പരിഗണിയ്ക്കണമെന്ന് ചൈന വാദിച്ചു. ബ്രിക്സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് എതിരാകും പാക്കിസ്ഥാന്റെ അംഗത്വം എന്നായിരുന്നു ഇന്ത്യയുടെ വാദം. ചൈന ശക്തമായി പാക്കിസ്ഥാനെ ന്യായികരിച്ചെങ്കിലും ഇന്ത്യയുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ മറ്റ് ബ്രിക്സ് രാജ്യങ്ങൾ ചൈനിസ് നീക്കത്തെ പിന്തുണച്ചില്ല.
അതേസമയം ചന്ദ്രയാന്റെ പരിക്ഷണ വിജയത്തിൽ ഇന്ത്യയെ ബ്രിക്സ് അം ഗ രാജ്യങ്ങൾ അഭിനന്ദിച്ചു. ഇന്ത്യയുടെ നേട്ടം ആകെ ലോകത്തിന്റെ ക്ഷേമത്തിന് നേട്ടമാകും എന്ന് പ്രധാനമന്ത്രിനരേന്ദ്രമോദി വ്യക്തമാക്കി. ജോഹന്നാസ് ബർഗ്ഗിൽ നിന്ന് മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത ദൗത്യം ഗ്രീസ്സ് സന്ദർശനമാണ്. 40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിൽ എത്തുന്നത്.