അബുദബി: യുഎഇയില്‍ മൂടല്‍മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അബുദബി, അല്‍ഐന്‍ എന്നീ മേഖലയിലാണ് പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നത്. വിവിധ പ്രദേശങ്ങളില്‍ ഫോഗ് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.
രാത്രി സമയങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം കൂടിയ സാഹചര്യത്തിലാണ് പുലര്‍ച്ചെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നത്. മൂടല്‍ മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് അബുദബിയിലും അല്‍ഐന്‍ മേഖലയിലും ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്. പുലര്‍ച്ചെ മുതല്‍ രാവിലെ എട്ടര വരെയാണ് ഫോഗ് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്.
ദൂരക്കാഴ്ച മറയാന്‍ സാധ്യതയുളളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മൂടല്‍ മഞ്ഞുളള പ്രദേശങ്ങളിലൂടെ പോകുമ്പോള്‍ ഹെഡ് ലൈറ്റ് ഉപയോഗിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണമെന്നും വിവിധ എമിറേറ്റുകളിലെ പൊലീസ് സേനയും മുന്നറിയിപ്പ് നല്‍കി. മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ വിവിധ റോഡുകളിലെ വേഗപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.