കോഴിക്കോട്: സ്‌കൂളുകളുടെ വെക്കേഷൻ അവസാനിക്കാറായതും ഓണവും ഒരുമിച്ച് വന്നതോടെ വിമാനടിക്കറ്റുകൾക്ക് നടുവൊടിക്കുന്ന വില. ഇതോടെ നാട്ടിൽ ഓണം കൂടാമെന്ന പ്രവാസികളുടെ മോഹങ്ങൾക്ക് തിരിച്ചടിയാകും. സീസൺ കണ്ട് പലരും മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ ടിക്കറ്റ് കിട്ടാനില്ലെന്നതാണ് സ്ഥിതി. ഉള്ള ടിക്കറ്റുകൾക്ക് കൊള്ളവിലയാണ് വിമാനകമ്പനികൾ ഈടാക്കുന്നത്. സെപ്റ്റംബർ പകുതിവരെ നിലവിൽ ഉയർന്ന വിലയാണ് ടിക്കറ്റുകൾക്ക് ഈടാക്കുന്നത്.
നിലവിൽ ടിക്കറ്റുകൾക്ക് 200 ഇരട്ടിവരെയാണ് നിരക്ക് വർധിച്ചിരിക്കുന്നത്. 7000 രൂപയിൽ താഴെ ലഭിച്ചിരുന്ന വിമാനടിക്കറ്റുകൾക്ക് 40,000 മുതൽ ഒന്നരലക്ഷം വരെയാണ് ഈടാക്കുന്നത്. കോഴിക്കോട് – ദുബൈ, ദുബൈ – കോഴിക്കോട് മേഖലയിൽ 64,000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. ദുബൈ – കൊച്ചി, കൊച്ചി – ദുബൈ 13,000 മുതൽ 1,04,738 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം -ദുബൈ, ദുബൈ – തിരുവനന്തപുരം 28,000 മുതൽ 2,45,829 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
കോഴിക്കോട് – ഷാർജ മേഖലയിൽ രണ്ടാഴ്ച ടിക്കറ്റുകൾ ലഭ്യമല്ല. സെപ്റ്റംബർ ആദ്യആഴ്ചയിൽ 33,080 രൂപ മുതൽ 66,404 രൂപ വരെയാണ് കോഴിക്കോട്ടേക്ക് ടിക്കറ്റ് നിരക്ക്. കൊച്ചിലേക്ക് ഏകദേശം സമാനവിലക്ക് ടിക്കറ്റ് ലഭിക്കുമ്പോൾ തിരുവനന്തപുരത്തേക്ക് 90,522 വരെയാണ് നിരക്ക്.
അബുദാബിയിലേക്ക് കോഴിക്കോട്ടുനിന്ന് 36,902 മുതൽ 1,50,219 രൂപ വരെയും കൊച്ചിയിൽനിന്ന് 22,000 മുതൽ 2,67,409 രൂപ വരെയുമാണ് നിരക്കുകൾ.
ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടിയതോടെ ഓണത്തിന് നാട്ടിലേക്ക് വരുന്ന നാലംഗ കുടുംബത്തിനും വെക്കേഷൻ കഴിഞ്ഞ് മടങ്ങുന്ന നാലംഗ കുടുംബത്തിനും ലക്ഷങ്ങൾ തന്നെ ചിലവഴിച്ചാലേ യാത്ര നടത്താൻ സാധിക്കൂ എന്നതാണ് സ്ഥിതി. വാർഷിക അവധിക്ക് നാട്ടിലേക്ക് വരാനിരുന്ന മിക്കവരും യാത്ര നീട്ടി വെച്ചിരിക്കുകയാണ്.