കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവെക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശമുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു.
ഓണാഘോഷത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിലെ സാങ്കേതികത്വം കിറ്റ് വിതരണത്തിന് തടസമാകാന്‍ പാടില്ല. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ കേട്ടയം ജില്ലയിലും ഓണ കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നല്‍കണമെന്ന് വി.ഡി സതീഷൻ അഭ്യർഥിച്ചു.
60 വയസിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണ സമ്മാനമായി 1,000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയതായി കാണുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിന്‍വലിക്കണമെന്ന് അഭ്യർഥിച്ചു.