തിരുവനന്തപുരം: വയനാട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അത്യന്തം ദുഃഖകരമാണ്. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി എ കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. സംഭവം അത്യന്തം വേദനാജനകമെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രതികരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു വയനാട് കണ്ണോത്തുമലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. റാണി, ശാന്തി, ചിന്നമ്മ, ലീല തുടങ്ങിയവരാണ് മരിച്ചത്.
വാളാട് നിന്ന് തലപ്പുഴയിലേക്ക് തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. 12 യാത്രക്കാരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്. 25 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.