ചന്ദ്രയാൻ 3 ന്റെ ചരിത്ര വിജയത്തിനു പിന്നിൽ കേരളത്തിലെ എൻജിനീയറിങ് കോളജുകൾക്കുള്ള പങ്ക് എടുത്തുപറഞ്ഞ് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ലോക്സഭാംഗവുമായ ശശി തരൂർ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലവൻ എസ്. സോമനാഥ് കൊല്ലത്തെ ടികെഎം എൻജിനീയറിങ് കോളജിലാണു പഠിച്ചതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ചന്ദ്രയാൻ യാഥാർഥ്യമാക്കിയവരിൽ മറ്റ് 7 എൻജിനീയർമാർ പഠിച്ചത് തിരുവനന്തപുരം എൻജിനീയറിങ് കോളജിലാണെന്നും സമൂഹമാധ്യമത്തിൽ എഴുതിയ പോസ്റ്റിൽ വ്യക്തമാക്കി.
മോഹന കുമാർ (മിഷൻ ഡയറക്ടർ, മെക്കാനിക്കൽ), അതുല്യ (ഇലക്ട്രോണിക്സ്), സതീഷ് (മെക്കാനിക്കൽ), നാരായണൻ (അസോഷ്യേറ്റ് മിഷൻ ഡയറക്ടർ, മെക്കാനിക്കൽ), മോഹൻ (മെക്കാനിക്കൽ), ഷോര (ഇലക്ട്രോണിക്സ്) എന്നിവരാണ് തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികൾ. അധികമാരും പുകഴ്ത്തുകയോ വാർത്തകളിൽ നിറയുകയോ ചെയ്യാത്ത കേരളത്തിലെ എൻജിനീയറിങ് കോളജുകൾക്കുള്ള ആദരവു കൂടിയാണ് ചന്ദ്രയാൻ വിജയമെന്നും അദ്ദേഹം പറഞ്ഞു.
‘‘ഐഐടികളാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട, സ്വപ്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. എന്നാൽ പൊതുമേഖലയിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജുകളുടെ മഹത്വം ആരും പൊതുവെ മനസ്സിലാക്കാറില്ല. ഐഎസ്ആർഒ ഉൾപ്പെടെ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തുന്ന സ്ഥാപനങ്ങളുടെ നട്ടെല്ലു തന്നെ എൻജിനീയറിങ് കോളജുകളാണ്. ഐഐടിയിൽ നിന്നു പഠിച്ചിറങ്ങുന്നവർ സിലിക്കൺ വാലിയിലേക്കു പോകുന്നു. എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികൾ നമ്മെ ചന്ദ്രനിലേക്കും കൊണ്ടു പോകുന്നു’’: സ്വതസിദ്ധമായ ശൈലിയിൽ തരൂർ കുറിച്ചു.