രാജ്യം ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന്‍റെ പാതയിലാണ്. പരമ്പരാഗത ഇന്ധന വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക്ക് കാറുകളും ഇരുചക്ര വാഹനങ്ങളുമൊക്കെ നിരത്ത് കീഴടക്കിത്തുടങ്ങി. കേരളവും ഇക്കാര്യത്തില്‍ ഒട്ടും പിന്നില്ല എന്ന് വ്യക്തമാക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. സംസ്ഥാനത്തെ നിരത്തുകളിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടതായി എംവിഡി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ഫോസിൽ ഇന്ധന വാഹനങ്ങളുടെ ദീർഘകാലങ്ങളായുള്ള ഉപഭോഗം പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടം മറിച്ചതോടെയാണ് പരിഹാരമായി ഇലക്ട്രിക് വാഹനങ്ങൾ രംഗപ്രവേശം ചെയ്‍തതെന്നും നിർമ്മാതാക്കൾ ഉപഭോക്താക്കൾക്കായി ഇലക്ട്രിക്ക് വാഹനങ്ങളുടെ നിരവധി മോഡലുകൾ അവതരിപ്പിച്ചതിന് പുറമെ സംസ്ഥാന സർക്കാർ നികുതിയിളവുകള്‍ ഉൾപ്പെടെ നൽകിയ ആനുകൂല്യങ്ങളും പൊതുജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിച്ചുവെന്നും എംവിഡി പറയുന്നു. ഇതെല്ലാം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് അതിവേഗം പിന്നിടാൻ കാരണമായി എന്നും ഒപ്പം 2023 വർഷത്തിൽ നാളിതുവരെ രജിസ്റ്റർ ചെയ്‍ത വാഹനങ്ങളിൽ 10 ശതമാനത്തില്‍ അധികം വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാണ് എന്നതും ശ്രദ്ധേയമാണെന്നും മോട്ടോര്‍വാഹന വകുപ്പ് പറയുന്നു.
അതേസമയം രാജ്യത്താകെ ഇലക്ട്രിക്ക് വാഹന വില്‍പ്പന വളരുകയാണ്. ഈ വർഷം ജനുവരിയിൽ രാജ്യത്താകെ 3438 ഇവി പാസഞ്ചർ വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ ജൂണിൽ അത് 7916 ആയി. 2023 ജൂലൈയിൽ രാജ്യത്തെ 1438 ആർടിഒകളിൽ 1352 എണ്ണത്തിൽ നിന്ന് വാഹൻ ഡാറ്റ പ്രകാരം ഇന്ത്യ 1,15,836 ഇവി വിൽപ്പന രജിസ്റ്റർ ചെയ്‍തു. തെലങ്കാന ഒഴികെയുള്ള കണക്കാണിത്. രാജ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ മാസം 45,993 യൂണിറ്റിൽ നിന്ന് 54,272 യൂണിറ്റായി ഉയർന്നപ്പോൾ, യാത്രക്കാർക്കുള്ള ഇലക്ട്രിക് ത്രീ-വീലറുകൾ ഇതേ കാലയളവിൽ 42,941 യൂണിറ്റിൽ നിന്ന് 48,240 യൂണിറ്റായി ഉയർന്നു. ചരക്കുനീക്കത്തിനുള്ള ഇലക്ട്രിക് ത്രീ-വീലറുകളുടെ വിൽപ്പന 2023 ജൂണിലെ 5,087 യൂണിറ്റിൽ നിന്ന് ജൂലൈയിൽ 5,496 യൂണിറ്റായി വളർന്നു. എന്നാല്‍ ജൂലൈ മാസത്തില്‍ ഇലക്ട്രിക് ഫോർ വീലറുകൾക്ക് നേരിയ ഇടിവ് നേരിട്ടു. 2023 ജൂണിലെ 7,916 യൂണിറ്റുകളെ അപേക്ഷിച്ച് ജൂലൈയിൽ 7,471 യൂണിറ്റുകൾ വിറ്റു.
അതേസമയം ആദ്യ വാഹനമായി ഇവി കാർ വാങ്ങുന്നവരുടെ എണ്ണം കൂടുന്നു എന്നാണ് കണക്കുകള്‍. ചാർജിങ് സൗകര്യങ്ങൾ കൂടിയതും ഇവി വാഹനങ്ങൾക്കു സർക്കാരുകൾ ഉൾപ്പെടെ നൽകുന്ന പ്രാധാന്യവും വില്‍പ്പന കൂട്ടുന്നുണ്ട്. ഇവി കാർ സ്വന്തമാക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടി. പുതിയ കാർ വാങ്ങുന്ന ഏകദേശം 25 ശതമാനം സ്ത്രീകളും ഇലക്ട്രിക് വാഹനത്തിലേക്കു തിരിഞ്ഞതായാണു കണക്ക്. ഇവി കാറുകളിലേക്കു മാറുന്നവരുടെ എണ്ണത്തിൽ കേരളം മുന്നിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അടുത്തിടെ രാജ്യത്താകെ ഒരു ലക്ഷം ഇലക്ട്രിക് കാറുകൾ വില്‍പ്പന നടത്തിയ നാഴികക്കല്ല് ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കിയിരുന്നു. ഇതില്‍ കേരളത്തിൽ മാത്രം ടാറ്റ വിൽപന നടത്തിയത് 10,000 കാറുകളാണ് എന്നാണ് കണക്കുകള്‍.