ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ റോവറിന്റെ പുതിയ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ലാൻഡറിൽ നിന്നിറങ്ങി റോവർ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സാമൂഹിക മാധ്യമമായ ‘എക്സി’ലൂടെയാണ് ഐഎസ്ആർഒ ദൃശ്യങ്ങൾ പുറത്തുവിട്ടത്.റോവറിലെ പേലോഡുകൾ പ്രവർത്തിച്ച് തുടങ്ങിയെന്ന് ശനിയാഴ്ച ഐഎസ്ആർഒ പറഞ്ഞിരുന്നു. റോവറിലുളള രണ്ടു പേലോഡുകൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നു. റോവർ എട്ട് മീറ്റർ സഞ്ചരിച്ചതായും ഐഎസ്ആർഒ അറിയിച്ചിരുന്നു.
സൂര്യന്റെ പര്യവേഷണം ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ആദിത്യ എല്‍ വണ്‍ ദൗത്യം അടുത്തമാസം വിക്ഷേപിക്കും. സെപ്തംബര്‍ രണ്ടാം തീയ്യതിയോ നാലാം തീയ്യതിയോ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാനാണ് ആദിത്യ എല്‍ വണ്‍ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. പേടകം ബെംഗളൂരു യുആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ വിക്ഷേപണത്തിന് തയ്യാറായി.
പിഎസ്എല്‍വി റോക്കറ്റാണ് ആദിത്യ എല്‍ വണ്‍ പേടകത്തെ ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക. 378 കോടി രൂപയാണ് ദൗത്യത്തിന് ചെലവ് കണക്കാക്കുന്നത്. കൊറോണല്‍ താപനം, കൊറോണല്‍ മാസ് ഇജക്ഷന്‍, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയവ മനസ്സിലാക്കാന്‍ ദൗത്യം സഹായിക്കും. സൂര്യന്റെ ബാഹ്യവലയത്തെ കുറിച്ച് പഠിക്കുന്ന വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണോഗ്രാഫ് ആണ് പ്രധാന പേലോഡ്.