ഡല്‍ഹി: വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തില്‍ തനിക്ക് ലജ്ജ തോന്നുന്നില്ലെന്ന് മുസഫര്‍ നഗര്‍ നേഹ പബ്ലിക് സ്കൂളിലെ പ്രധാനധ്യാപികയായ തൃപ്ത ത്യാഗി. അധ്യാപികയായി താന്‍ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും ഗ്രാമവാസികള്‍ തനിക്കൊപ്പമുണ്ടെന്നും തൃപ്ത എന്‍ഡി ടിവിയോട് പറഞ്ഞു.
കുട്ടികളെ നിയന്ത്രിക്കുക പ്രധാനമാണെന്ന് പറഞ്ഞ അധ്യാപിക തന്‍റെ പ്രവൃത്തിയെ ന്യായീകരിച്ചു. “അവർ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷേ ഞങ്ങൾ സ്കൂളുകളിൽ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇങ്ങനെയാണ് ഞങ്ങൾ അവരെ കൈകാര്യം ചെയ്യുന്നത്,” ത്യാഗി പറഞ്ഞു. നേരത്തെ സംഭവം വിവാദമായപ്പോള്‍ അതൊരു ചെറിയ പ്രശ്നം മാത്രമാണെന്നും ഹോംവര്‍ക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ അടിച്ചതെന്നും വര്‍ഗീയ വിദ്വേഷം ലക്ഷ്യം വച്ചുള്ളതായിരുന്നില്ലെന്നുമായിരുന്നു തൃപ്തയുടെ പ്രതികരണം. മുസ്‍ലിം കുട്ടികളുടെ അമ്മമാര്‍ പഠനത്തില്‍ ശ്രദ്ധിക്കാത്തതു മൂലം അവരുടെ വിദ്യാഭ്യാസം പാടെ തകരുന്നുവന്ന് അധ്യാപിക പറഞ്ഞതായി അന്വേഷണത്തിന് ശേഷം ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
“ഞങ്ങൾ പൂർണമായ അന്വേഷണം നടത്തി.കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ കുറ്റാരോപിതനായ അധ്യാപകനെതിരെ ഞങ്ങൾ കേസെടുത്തു. വകുപ്പുതല നടപടിയും സ്വീകരിച്ചു,” മുസഫർനഗർ ജില്ലാ മജിസ്‌ട്രേറ്റ് അരവിന്ദ് മല്ലപ്പ ബംഗാരി പറഞ്ഞു. കുട്ടിയെ മണിക്കൂറുകളോളം നിൽക്കാൻ നിർബന്ധിക്കുകയും അപമാനിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് പിതാവ് പൊലീസിനോട് വെളിപ്പെടുത്തി.