പാലക്കാട്: ഓണം അടുത്തതോടെ ഓപ്പറേഷൻ ട്രഷർ ഹണ്ട് എന്ന പേരിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന. ഓണക്കാലത്ത് വാഹനങ്ങൾ പരിശോധന കൂടാതെ കടത്തി വിടുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. പാറശ്ശാല ചെക്ക് പോസ്റ്റിൽ നിന്ന് വിജിലൻസ് 11,900 രൂപ പിടിച്ചെടുത്തു. സമീപത്തെ ടയറർ കടയിൽ ടയറിനിടയിൽ ഒളിപ്പിച്ചിരുന്ന രൂപയാണ് പിടിച്ചെടുത്തത്. വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് 85,000 രൂപ പിഴയീടാക്കി. വേലന്താവളത്ത് നിന്ന് 4,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.
39 അതിർത്തി ചെക്ക് പോസ്റ്റിലും 19 കന്നുകാലി ചെക്ക് പോസ്റ്റിലും 12 മോട്ടോർ വാഹന വകുപ്പിന്റെ ചെക് പോസ്റ്റിലുമാണ് പരിശോധന. ഉദ്യോഗസ്ഥർ കൈക്കൂലിവാങ്ങി പരിശോധന നടത്താതെ വാഹനങ്ങൾ കടത്തി വിടുന്നുവെന്ന വിവരത്തിലാണ് പരിശോധന. ഇടുക്കിയിലെ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നീ ചെക്ക് പോസ്റ്റുകളിലും വിജിലൻസ് പരിശോധന നടത്തി. മൃഗ സംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റുകളിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അതിർത്തി കടന്ന് എത്തുന്ന കോഴി വാഹനങ്ങളിൽ ഉള്ള കോഴികളുടെ എണ്ണം കൃത്യമായി നോക്കാത്ത സാഹചര്യമാണുള്ളതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. അറവു മാടുകളുടെ എണ്ണത്തിലും ഇതാണ് സ്‌ഥിതി. പ്രതിരോധ കുത്തി വയ്പ്പ് സംബന്ധിച്ച പരിശോധനയും കൃത്യമായി നടക്കുന്നില്ല, കുമളി, കമ്പംമെട്ട്, ബോഡി മെട്ട് എന്നിവിടങ്ങളിലാണ് മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉള്ളത്.