കാഞ്ഞങ്ങാട്: ഓണക്കാലത്ത് തൂശനില സമരവുമായി കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. അഞ്ച് മാസമായി പെന്‍ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഒഴിഞ്ഞ തൂശനിലയുമായി കാഞ്ഞങ്ങാട്ട് കുത്തിയിരിപ്പ് സമരം നടത്തിയത്. നാട് മുഴുവന്‍ ഓണാഘോഷത്തിലാകുമ്പോള്‍ തങ്ങള്‍ക്ക് മരുന്നിനും ചികിത്സയ്ക്കും പണമില്ലെന്ന് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ പറയുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള പെന്‍ഷന്‍ ലഭിച്ചിട്ട് അഞ്ച് മാസമായി. ഓണത്തിന് മുമ്പ് പെൻഷൻ കുടിശിക ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ഇതുവരെ പെൻഷൻ ലഭിച്ചിട്ടില്ല. ഇതോടെയാണ് ഒഴിഞ്ഞ തൂശനിലയുമായി കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ദുരിത ബാധിതര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
1200 മുതല്‍ 2200 രൂപ വരെയാണ് ദുരിത ബാധിതര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നത്. ഇത് മുടങ്ങിയതോടെ എന്ത് ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ഇവർ. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം തൂശനില സമരം സംഘടിപ്പിച്ചത്. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തിരുവോണനാളില്‍ പട്ടിണി സമരം നടത്താനാണ് ഇവരുടെ തീരുമാനം. ദുരിത ബാധിതര്‍ക്ക് നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് എന്‍ഡോസള്‍ഫാന‍് പീഡിത ജനകീയ മുന്നണി പ്രതിനിധി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
വയനാട്ടിലെ അരിവാൾ രോഗികള്‍ക്കും ഇതുവരെ പെൻഷൻ ലഭിച്ചിട്ടില്ല. ഓണമായിട്ടും പെൻഷൻ കുടിശ്ശിക നൽകാത്തതിനാൽ വയനാട് കളക്ടറേറ്റിന് മുന്നിൽ അരിവാൾ രോഗികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അസഹ്യമായ വേദനയുള്ളതിനാൽ, പണിക്ക് പോലും പോവാൻ കഴിയാതെ ദുരിത്തിലായവരാണ് സമരത്തിനെത്തിയത്. ഓണത്തിനും ക്രിസ്മസിനും മുന്നെ കുറഞ്ഞ തുക തന്ന് പറ്റിക്കാൻ ഇത് സീസണിൽ വരുന്ന രോഗമല്ലെന്ന് പ്രതിഷേധത്തിന് എത്തിയവർ പറയുന്നു.