റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ സൗദി പൗരൻ ഓടിച്ച ട്രെയിലറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ഈഹാൻ ഗൗസ് (നാല്), മുഹമ്മദ് ദാമിൽ ഗൗസ് (രണ്ട്) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. മരിച്ചതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച പുലർച്ച ആറിന് തുമാമയിലെ ഹഫ്ന -തുവൈഖ് റോഡിലായിരുന്നു അപകടമുണ്ടായത്. കാർ പൂർണമായും തകർന്നു. ഉംറ നിർവഹിച്ച ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നതിനിടയിലായിരുന്നു അപകടം. കുവൈത്തിൽനിന്ന് റിയാദിൽ ടൂറിസ്റ്റ് വിസയിൽ എത്തിയതാണ് കുടുംബം. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്. ഗൗസ് ദാന്തു കുവൈത്തിൽ ജോലി ചെയ്യുകയാണ്.
മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹങ്ങൾ. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാൻ കഴിയൂവെന്ന് വിഷയത്തിൽ ഇടപെട്ട സാമൂഹിക പ്രവർത്തകർ പറഞ്ഞു. മരിച്ച തബ്റാക് സർവറിന്റെ സഹോദരി ദമ്മാമിലുണ്ട്. ഇവരെ കൊണ്ടുവന്ന് രക്തസാമ്പിളെടുത്ത് ഡിഎൻഎ പരിശോധന നടത്തും. സംഭവ സ്ഥലത്ത് പൊലീസെത്തി. അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കും.