ലഹോർ∙ ക്രിക്കറ്റ് കരിയറിലെ മോശം കാലത്തെക്കുറിച്ചു വെളിപ്പെടുത്തി പാക്കിസ്ഥാൻ മുൻ താരം ഉമർ അക്മൽ. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് 2020ൽ തനിക്കെതിരെ വിലക്കു കൊണ്ടുവന്നപ്പോൾ ജീവിതം വളരെ ബുദ്ധിമുട്ടിലായിരുന്നെന്ന് ഉമർ അക്മൽ വെളിപ്പെടുത്തി. ‘‘ശത്രുക്കൾക്കുപോലും ഈ ഗതി വരരുതെന്നാണ് എനിക്കു പറയാനുള്ളത്. എന്തെങ്കിലും നൽകിക്കൊണ്ടോ, എടുത്തുകൊണ്ടോ മനുഷ്യരെ ദൈവം പരീക്ഷിച്ചുകൊണ്ടിരിക്കും. എന്റെ മോശം കാലഘട്ടത്തിലാണ് ആളുകൾ തനിനിറം കാണിച്ചു തുടങ്ങിയത്. എന്റെ കൂടെ നിന്നവരോടെല്ലാം ഞാൻ നന്ദി അറിയിക്കുന്നു.’’– ഒരു പാക്കിസ്ഥാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഉമർ അക്മൽ പറഞ്ഞു.
പണമില്ലാത്തതിനാൽ എട്ട് മാസത്തോളം എന്റെ മകളെ സ്കൂളിൽ വിടാൻ കഴിഞ്ഞില്ല. ഭാര്യയാണ് ആ സമയത്തു പിന്തുണയേകി എനിക്കൊപ്പം നിന്നത്. ആ കാലത്തേക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണുനിറയും. എല്ലാ സൗകര്യങ്ങളുമുള്ള കുടുംബത്തിലാണ് എന്റെ ഭാര്യ ജനിച്ചത്. എന്നാൽ എത്ര മോശം അവസ്ഥയിലാണെങ്കിലും എന്റെ കൂടെയുണ്ടാകുമെന്ന് അവൾ ഉറപ്പു നൽകി. അതിൽ എനിക്കു നന്ദിയുണ്ട്.’’– ഉമർ അക്മൽ പ്രതികരിച്ചു. വൈകാരികമായാണ് അഭിമുഖത്തിൽ ഉമർ അക്മൽ സംസാരിച്ചത്. 2019ലാണ് ഉമർ അക്മൽ അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്.
ടീമിൽ അവസരം കിട്ടുകയാണെങ്കിൽ കഠിനാധ്വാനം ചെയ്തു, തിളങ്ങാൻ സാധിക്കുമെന്ന് 33 വയസ്സുകാരനായ ഉമർ അക്മൽ അവകാശപ്പെട്ടു. ഉമർ അക്മലിനെ മൂന്ന് വർഷത്തേക്കാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് സസ്പെൻഡ് ചെയ്തത്. എന്നാൽ അപ്പീലിന് പോയ താരം, ശിക്ഷ ഒരു വര്‍ഷമായി കുറച്ചു. എന്നാൽ പാക്കിസ്ഥാൻ ദേശീയ ടീമിലേക്കു തിരിച്ചെത്താൻ താരത്തിനു സാധിച്ചില്ല. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റിന്റെ കഴിഞ്ഞ സീസണില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനു വേണ്ടി മികച്ച പ്രകടനമാണു താരം നടത്തിയത്.