എയർ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റുകളിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) കണ്ടെത്തൽ. ഡിജിസിഎയുടെ രണ്ടംഗ സംഘം നടത്തിയ പരിശോധനയിലാണ് വീഴ്ച്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എല്ലാ എയർലൈനുകളും റെഗുലേറ്റർമാരുടെ പതിവ് സുരക്ഷാ ഓഡിറ്റിന് വിധേയമാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ വക്താവിന്റെ പ്രതികരണം. എയർ ഇന്ത്യയുടെ പ്രക്രിയകൾ തുടർച്ചയായി വിലയിരുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി അത്തരം ഓഡിറ്റുകൾ നടത്താറുണ്ടെന്നും അതിൽ അസ്വാഭാവിതകയില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ക്യാബിൻ നിരീക്ഷണം ഉൾപ്പടെയുള്ള വിവിധ പ്രവർത്തന മേഖലകളിൽ എയർലൈൻ പതിവായി സുരക്ഷാ പരിശോധന നടത്താറുണ്ട്. എന്നാൽ ഇത്തരം സുരക്ഷാ പരിശോധനകൾ കൃത്യമായി നടക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ ഡിജിസിഎയ്ക്ക് സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിൽ പറയുന്നത്. എയർ ഇന്ത്യയുടെ സുരക്ഷാ ഓഡിറ്റ് കൃത്യമല്ലെന്നും 13 സുരക്ഷാ പോയിന്റുകളിലെയും പരിശോധനയിൽ എയർലൈൻ തെറ്റായ റിപ്പോർട്ടുകളാണ് തയ്യാറാക്കി നൽകിയതെന്നുമാണ് കണ്ടെത്തൽ. സിസിടിവി റെക്കോർഡിംഗുകളും ഓഡിറ്റ് സ്റ്റേറ്റ്‌മെന്റുകളും ഷിഫ്റ്റ് രജിസ്റ്റർ ഡോക്യുമെന്റുകളും ഉൾപ്പടെ പരിശോധിച്ചപ്പോൾ 13 സ്‌പോട്ട് ചെക്കുകളും മുംബൈ, ഗോവ, ഡൽഹി സ്റ്റേഷനുകളിൽ നടത്തിയതായി കാണിക്കുന്നുണ്ട്. എന്നാൽ ഈ പരിശോധനകളൊന്നും കൃത്യമല്ലെന്നാണ് രണ്ടംഗ സംഘത്തിന്റെ റിപ്പോർട്ട്.