മുംബൈ: ഓഗസ്റ്റ് 26 ന് ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിന് മുന്നില്‍ വന്‍ പ്രതിഷേധം നടത്തതിനെ തുടര്‍ന്ന് താരത്തിന്‍റെ വീടിനുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ച് മുംബൈ പൊലീസ്. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ ഷാരൂഖ് ഖാന്‍ പ്രമോട്ട് ചെയ്യുന്നതിനെതിരെയാണ് ഒരു കൂട്ടം യുവാക്കള്‍ ഷാരൂഖിന്‍റെ വീട്ടിന് മുന്നില്‍ പ്രകടനം നടത്തിയത്. ഈ ആപ്പുകൾ യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും. ഷാരൂഖിന്‍റെ പരസ്യങ്ങള്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ നല്‍കുന്നുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ഫ്രീപ്രസ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം അൺടച്ച് യൂത്ത് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ചില പ്രവര്‍ത്തകരെ പ്രതിഷേധത്തിന്‍റെ പേരില്‍ ഓഗസ്റ്റ് 27 ന് മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകൾ യുവതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആശങ്ക പ്രകടിപ്പിച്ച പ്രതിഷേധക്കാർ ജംഗ്ലീ റമ്മി എന്ന് ആപ്പിന്‍റെ പേര് എടുത്ത് പറഞ്ഞു.
പ്രശസ്തരായ താരങ്ങള്‍ ഇത്തരം പരസ്യങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുകയും. ഇത്തരം ആപ്പുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഈ സംഘടന അറിയിച്ചിട്ടുണ്ട്.
ഇത്തരം നിയമ വിരുദ്ധ ആപ്പുകളുടെ പരസ്യം ചെയ്യുന്ന ബോളിവുഡ് താരങ്ങളെ വിലക്കുന്നതിന് പകരം അതില്‍ പ്രതിഷേധിക്കുന്നവരെ വിലക്കുന്ന പൊലീസ് നടപടിയെ അൺടച്ച് ഇന്ത്യ ഫൗണ്ടേഷൻ പ്രസിഡന്റ് കൃഷ്ചന്ദ്ര ആദൽ വിമർശിച്ചു. സെലിബ്രിറ്റികൾക്ക് അതിന്റെ പ്രത്യാഘാതങ്ങൾ അറിയാമെങ്കിലും അവർ സാമ്പത്തിക നേട്ടത്തിനായി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു