കൊച്ചി : സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ വീണ്ടും സംവിധായകൻ വിനയൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് വിനയൻ ആവർത്തിച്ചാവശ്യപ്പെട്ടു. ചലച്ചിത്ര അവാർഡ് നിർണയത്തിലെ ഇടപെടലിനെകുറിച്ച് മന്ത്രിക്ക് നൽകിയ പരാതിയിൽ മറുപടി കിട്ടിയില്ല. മറ്റു പലരെയും ബാധിക്കുമെന്നതിനാലാണ് താൻ കോടതിയിൽ പോകാതിരുന്നത്. കേസ് തള്ളി പോകാൻ വേണ്ടി കോടതിയിൽ ചിലർ വ്യാജ പരാതികൾ കൊടുത്തു. സംവിധായകൻ ഷാജി എൻ കരുൺ തന്നെ വിളിച്ച് പിന്തുണ അറിയിച്ചു. അവാർഡ് ദാന ചടങ്ങിലും ഫിലിം ഫെസ്റ്റിവല്ലും കളങ്കതനായ ചെയർമാൻ പങ്കെടുക്കുന്നത് ശരിയല്ലെന്നും വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.
‘സാംസ്കാരിക മന്ത്രിയിൽ നിന്നും ഒരു മറുപടിയും എനിക്കിതേവരെ കിട്ടിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ശ്രീ മനു സി പുളിക്കൻ എന്നെ വിളിച്ചിരുന്നു. രഞ്ജിത്തിന്റെ കുറ്റകരമായ ഇടപെടലിനെപ്പറ്റി ജൂറി അംഗം നേമം പുഷ്പരാജ് മനു സി പുളിക്കനെ ആ സമയത്തു തന്നെ അറിയിച്ചിരുന്നു എന്നാണ് പുഷ്പരാജ് വെളുപ്പെടുത്തിയത്. ശ്രീ മനു അതു നിഷേധിച്ചില്ലെന്നത് അദ്ദേഹത്തിന്റെ സത്യസന്ധത വെളിപ്പെടുത്തുന്ന കാര്യമാണെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.