മനോജ് ചന്ദനപ്പള്ളി, അൽ കോബാർ
സൗദി: മലയാളനന്മയുടെ കഥയും കാഴ്ചയും, രുചി സമൃദ്ധിയും കടൽ കടന്നു പ്രവാസ ലോകത്ത് നിറയുകയാണ്. ഓരോ ഓണക്കാലവും വൈവിധ്യങ്ങൾ കൊണ്ട് മലയാളികൾ അതിനു മാറ്റ് കൂട്ടും.നാട്ടിൽ നിന്നുള്ളതിനേക്കാൾ ഓണം അതിന്റെ ഗരിമയിൽ കൊണ്ടാടാൻ പ്രവാസി മലയാളികൾ ഒട്ട് മുന്നിലാണ് താനും.
നാട്ടിൽ സർക്കാരും സ്ഥാപനങ്ങളും,ക്ലബുകളും ഹൌസിങ് സൊസൈറ്റികളും ഒക്കെ കൂടി ഓണം വിപുലമായി ആഘോഷിക്കുമ്പോൾ ഇവിടെയും തനിമ ചോരാതെ നോക്കാൻ പ്രവാസി മലയാളികളും ശ്രദ്ധിക്കാറുണ്ട്. ക്ലബുകൾ, വിവിധ പ്രവാസി അസോസിയേഷനുകൾ,സാമൂഹിക -സാംസ്കാരിക സംഘടനകൾ ,സ്ഥാപനങ്ങൾ ഒക്കെതന്നെ ഓണം ആഘോഷിക്കാൻ ഇവിടെ മുന്നിൽ തന്നെ ഉണ്ടാകും. ഒരു ആഴ്ചകൊണ്ടോ ഒരു മാസം കൊണ്ടോ അതവസാനിക്കുന്നില്ലെന്ന് മാത്രം.
“പ്രവാസീ ഓണത്തെ ”ഉണർത്താൻ വിപണിക്ക് വലിയ പങ്കാണുള്ളത്. എല്ലാത്തരം ആഘോഷങ്ങളേയും പ്രവാസികൾ സർവ്വാത്മനാ സ്വീകരിക്കാറാണ് പതിവ് .ഓണത്തിനു ആദ്യം ഒരുങ്ങുന്നത് വിപണിയാണ്. ആഴ്ചകൾക്ക് മുന്നേ കേരളീയ മുഖം തന്നെ ഒരുക്കിയെടുക്കാൻ വാണിജ്യ -വിപണന സ്ഥാപനങ്ങൾ ശ്രദ്ധിക്കാറുണ്ട് . പ്രത്യേകിച്ചും മലയാളി ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ.
നാടിന്റെ പരിചേദംഒരുക്കുക മാത്രമല്ല അവിടെ നിറയെ നാട്ടു വിഭവങ്ങൾ കൊണ്ട് അതിനെ നിറക്കുകയും ചെയ്യുന്നു .മലയാളിയുടെ ആഘോഷത്തെ ചാലനാത്മകമാക്കാൻ വിപണിക്കുള്ള പങ്ക് അതുകൊണ്ട് തന്നെ വളരെ വലുതാണെന്ന് പറയാം . അരിയും മറ്റ് എല്ലാത്തരം കാർഷിക ഉത്പന്നങ്ങളും കഴിയുന്നത്ര എത്തിച്ച് “ഓണ ചന്ത ”തന്നെയാകും പിന്നെ ഇവിടെ ഒരുക്കുക. കായും കായ വറത്തതും വാഴഇലയും മത്തനും, ചേനയും,പടവലങ്ങയും കണി വെള്ളരിയും മുരിങ്ങയും,എന്ന് വേണ്ട സദ്യക്കുഉള്ള എല്ലാം നാട്ടിലേക്കാൾ സുലഭം….സമൃദ്ധം.
വിഭവങ്ങൾ ഒരുക്കി വയ്ക്കുന്നത് കാണാൻ തന്നെ കൗതുകകരമാണ്. പ്രത്യേകം തയ്യാർ ചെയ്ത വലിയ ചുണ്ടൻ വള്ളങ്ങളിലും കാള വണ്ടികളിലും ഒക്കെയാണ് കാർഷിക വിഭവങ്ങൾ ഇടം പിടിക്കുക. നാട്ടു പാതയും വഴി കിണറും വലിയ ആൽ മരവും ഒക്കെചേർന്ന് “നാടിനെ തന്നെയോ. .അതോ മലയാള നാടോ. .”എന്ന പ്രതീതി ജനിപ്പിക്കും ഈ കാഴ്ച കൗതുകങ്ങൾ. ഓണ കളികളും പരിമിത സൗകര്യങ്ങളിൽ ക്രമീകരിക്കുന്നുണ്ട്.പുലിക്കാ രാനെയും മാവേലിയേയും ഒക്കെ ഇറക്കി സമ്മാനങ്ങൾ നൽകി വ്യാപര കേന്ദ്രങ്ങൾ തങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധ നേടാറും പതിവുണ്ട്.
തീർന്നില്ല സദ്യ വട്ടങ്ങൾക്ക് വിഭവങ്ങൾ ഒരുക്കി നൽകുന്നതോടൊപ്പം വമ്പൻ പാചക സെലിബ്രറ്റികളുടെ നേതൃത്വത്തിൽ തിരുവോണസദ്യ തന്നെ ക്രമീകരിക്കാറുണ്ട്. ഇതിനു മുൻ കൂർ ഓൺ ലൈനായും ഓഫ് ലൈനായും ബുക്ക് ചെയ്യുക തന്നെ വേണമെന്ന് മാത്രം. അത്ര ഡിമാന്റാണ് പ്രമുഖ വാണിജ്യ സ്ഥാപനങ്ങളിലെ ഓണ സദ്യക്ക്. ഇത് കൂടാതെ ഹോട്ടലുകളും മറ്റും സദ്യ ഒരുക്കിവരുന്നുമുണ്ട്.
ചില പ്രവാസി അസോസിയേഷനുകളും മറ്റും അവരുടെ കൂടിവരവുകളും ഓണകളികളും സദ്യയും ഒക്കെ ആഘോഷമാക്കാനായി ഇത്തരം ഹോട്ടലുകളും ഫാo ഹൌസുകളും തെരഞ്ഞെടുക്കുന്നുണ്ട് . നാട്ടിലേയും പ്രവാസി കലാ കാരന്മാരെയും ഒക്കെ കൂട്ടി വിപുലമായ സ്റ്റേജ് ഷോകളും മറ്റും വലിയ മാളുകൾ കേന്ദ്രീകരിച്ചു നടക്കാറുണ്ട് .ഇനി പുത്തൻ സിനിമ
കാണാൻ താത്പര്യമുള്ളവർക്ക് അതിനും മാളുകളിൽ സൗകര്യമോടെ തിയറ്ററുകളും ഉണ്ട്.ടെലിവിഷൻ അവതാരകരും സെലിബ്രറ്റികളും ഒക്കെ അതിഥികളായി പ്രവാസി ഓണത്തിനു പൊലിമ ചാർത്തുന്നു.
മറ്റൊന്ന് പായസ സമൃദ്ധിയാണ്. മാധുര്യമൂറുന്ന പായസം പത്തിലധികമാണ് വലിയ ഹൈപ്പർ മാർക്കറ്റ്കളിൽ ഉപഭോക്താക്കൾക്കായി തയ്യാറാക്കുന്നത്.സേമിയ ,അരി, മാമ്പഴം, പഴം , അട ,പരിപ്പ് ,പാൽ, നെയ്യ്, ഈന്തപ്പഴം, ഗോതമ്പ്,പാലട എന്നിങ്ങനെ പോകുന്നു പായസങ്ങളുടെ നീണ്ട പട്ടിക. ഒന്നാം ഓണം മുതൽ തിരുവോണം വരെ പായസങ്ങൾക്ക് മാത്രമായി പ്രത്യേക കൗണ്ടറുകൾ വരെ ഉണ്ടാകാറുണ്ട്.
സദ്യക്കും സദ്യവട്ടങ്ങൾക്കും മാത്രമല്ല കേക്കിലുമുണ്ട് പ്രവാസി ഓണപുതുമ . ഓണത്തിന് മാത്രമായി ആശംസാ കേക്കുകളും ഇക്കുറി വൈവിദ്യത്തോടെ പുറത്തിറക്കിയിട്ടുണ്ട്. അതിലേറെ കൗതുകകരമായിട്ടുള്ളത് കേക്കു കൊണ്ട് ഒരുക്കിയെടുത്ത ഓണസദ്യയാണ്. ഇലയിലെ വിഭവങ്ങൾക്കൊപ്പം പഴവും പപ്പടവും കേക്കിൽ വിരിയിച്ച് എടുത്തത് പുതുമ മാത്രമല്ല വിസ്മയം തന്നെയാണ് .
മറ്റൊന്ന് വസ്ത്രങ്ങളാണ്.
വിപണിയിൽ ഒഴിച്ചുകൂടാൻ വയ്യാത്തതാണ് എന്നും ഓണ പുടവ. നാട്ടിൽ നിന്നും തനത് ശൈലി നിലനിർത്തുന്ന സെറ്റ് മുണ്ടും ഷർട്ടും സാരിയും പാവാടയും ബ്ലൗസും ട്രൻ്റിംഗ് മോഡലുകൾ ഉൾപ്പെടെ ഇക്കുറി മുന്നമെ എത്തിചേർന്നു. കുട്ടികൾക്ക് ഉൾപ്പെടെ വസ്ത്രത്തിലും പുതിയ പ്രിൻ്റുകൾ ലഭ്യമാണ്.പട്ട് വസ്ത്രങ്ങളുടെ പകിട്ടിനൊപ്പം വിപണിയിൽ എടുത്ത് പറയേണ്ടത് ഈ സമയത്തെ വമ്പൻ വിലക്കുറവാണ് എന്നത് തന്നെ.
മിത്തോ ചരിത്രമോ എന്നതിനേക്കാളുപരി,
പ്രവാസ ലോകത്തെ ഓണം നാട്ടു നന്മയുടെ കഥ പറയുന്നതോടൊപ്പം സ്നേഹത്തിൻറെ കൂടിച്ചേരലുകൾ കൂടിയാണ്. അതിലുപരിയായി ഒരുമയുടെ പങ്കുവയ്ക്കലും. ദേശത്തിനും ഭാഷയ്ക്കും അതീതമായി സതീർത്യരും സഹപ്രവർത്തകരും പിന്നെ പ്രവാസലോകത്ത് ചിതറിയ നാട്ടുകാരും ബന്ധുക്കളും ഒക്കെ കൂട്ടിയുള്ള ഓണം അവരാസ്വാദിക്കുകയാണ് ഇവിടെ ..
പോയ കാലത്തെ നന്മകളെ. .
മലയാണ്മയുടെ വൈവിധ്യങ്ങളെ. .
മധുരമൂർന്ന ആ ഓർമ്മകളിലും
മലയാളി എന്ന അഭിമാനത്തോടെ..