പത്തനംതിട്ട: തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണ തോണി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രക്കടവിലെത്തി. രാവിലെ ആറേകാലോടെയാണ് തോണി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തിന്റെ വടക്കേക്കടവിലാണ് തിരുവോണ തോണി എത്തിച്ചേര്‍ന്നത്. ക്ഷേത്രഭാരവാഹികള്‍ വഞ്ചിപ്പാട്ട് പാടികൊണ്ട് തിരുവോണ തോണിയെ സ്വീകരിച്ചു. ശേഷം മങ്ങാട്ട ഭട്ടതിരിയും കാട്ടൂരില്‍ നിന്നുള്ള 18 കുടുംബങ്ങളും പ്രതിനിധികളും കൊണ്ടുവന്ന അരിയും പച്ചക്കറികളും പല വ്യഞ്ജന സാധനങ്ങളും തിരുവോണ വഞ്ചിയില്‍ നിന്നും ക്ഷേത്രത്തിലെത്തിച്ച് ശ്രീകോവിലിന് മുന്നില്‍ അര്‍പ്പിച്ചു.
തിരുവോണദിനത്തിലെ സദ്യ ഉണ്ടാക്കുന്നത് കാട്ടൂരില്‍ നിന്ന് കൊണ്ടുവന്ന സാധനങ്ങള്‍ ഉപയോഗിച്ചാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങ്, സദ്യ തന്നെയാണ്. കഴിഞ്ഞ ഒരുമാസമായി ക്ഷേത്രത്തില്‍ വള്ള സദ്യ ഉണ്ടായിരുന്നു. തിരുവോണ ദിനത്തില്‍ മങ്ങാട്ട് ഭട്ടതിരി തിരുവോണ മുറില്‍ കൊണ്ടുവന്ന സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന സദ്യയാണ്. വലിയ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രധാനപ്പട്ട ഓണത്തിന്റെ കേന്ദ്രം എന്നുപറയുന്നത് ആറന്മുള തന്നെയാണ്. പള്ളിയോടങ്ങളുടെ അകമ്പടിയോടെയാണ് തിരുവോണ തോണിയെ സ്വീകരിച്ചത്. 48 പള്ളിയോടങ്ങളുടെ അകമ്പടിയോടെയാണ് തിരുവോണ തോണി ആറന്മുള ക്ഷേത്രക്കടവിലേക്ക് അടുത്തത്.
ആറന്മുള പാര്‍ത്ഥസാരഥിയെ കണ്ട ശേഷമാണ് സദ്യ ഉള്‍പ്പടെയുള്ള മറ്റുചടങ്ങുകള്‍ നടക്കുക. തിരുവോണം കഴിഞ്ഞാല്‍ ഉത്രട്ടാതിയാണ് ആറന്മുളയുടെ വലിയ ആഘോഷം. സെപ്റ്റംബര്‍ രണ്ടിനാണ് ഉത്രട്ടാതി ആഘോഷിക്കുന്നത്. വലിയതോതിലായരിക്കും അന്ന് തിരക്കനുഭവപ്പെടുക. ആറന്മുളയുമായി ബന്ധമുള്ള ഏതൊരാളും ഒന്നിക്കുന്ന ദിവസമാണ് ആറന്മുള ഉത്രട്ടാതി ജലമേള എന്ന് പറയുന്നത്.