Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതിരുവോണനാളിൽ പട്ടിണിസമരവുമായി ഹർഷിന; നീതിക്കായുള്ള പോരാട്ടം നൂറാം ദിവസത്തിലേക്ക്

തിരുവോണനാളിൽ പട്ടിണിസമരവുമായി ഹർഷിന; നീതിക്കായുള്ള പോരാട്ടം നൂറാം ദിവസത്തിലേക്ക്

കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്. നൂറാം ദിവസമായ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിലെ സമരപന്തലിൽ പട്ടിണി സമരം നടത്തും. സമരസമിതി അംഗങ്ങളും ഹർഷിനയോടൊപ്പം പട്ടിണിസമരത്തിനുണ്ടാവും. സമരപ്പന്തലിൽ നടൻ ജോയ് മാത്യു പിന്തുണയുമായെത്തുമെന്നാണ് വിവരം. അശ്രദ്ധ കാണിച്ച് തന്റെ വയറ്റിൽ കത്രിക കുടുങ്ങാൻ കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഹർഷിന.

സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ പൂർണ്ണ തൃപ്തയെന്ന് ഹർഷിന പറഞ്ഞിരുന്നു. സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണം പൂർത്തിയാക്കി എത്രയും പെട്ടന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയ‍ർമാൻ പൊലീസിനോട് ആവശ്യപ്പെട്ടതായി ഹർഷിന പറഞ്ഞു. റിപ്പോർ‌ട്ട് എത്രയും പെട്ടന്ന് സമർപ്പിക്കാമെന്ന് എസിപി ഉറപ്പ് നൽകി. അടുത്ത സിറ്റിം​ഗിന് റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറ്റപത്രം സമർപ്പിച്ചാൽ ആരാണ് കുറ്റവാളികളെന്ന് തെളിയുമല്ലോ. അതിന് ശേഷം കോടതിയിൽ പോകും. മെഡിക്കൽ ബോർഡ് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ആരോ​ഗ്യവകുപ്പിന്റെയും മെഡിക്കൽ ബോർഡിന്റെയും മുഴുവൻ അന്വേഷണങ്ങളും അവ‍ർക്ക് അനുകൂലമായതും തങ്ങളെ അവ​ഗണിക്കുന്നതുമാണ്. പറയുന്നത് സത്യമല്ല എന്ന തരത്തിലാണ് അവരുടെ റിപ്പോർട്ട്. സത്യമാണെന്ന് തനിക്കും സമൂഹത്തിനുമറിയാമെന്നും ഹർഷിന പറഞ്ഞു.

പൊലീസ് റിപ്പോർട്ടല്ല, എക്സ്പേർ‌ട്ട് പാനലിന്റെ റിപ്പോർ‌ട്ടാണ് ആധികാരികമെന്ന ഐഎംഎ പ്രസിഡന്റിന്റെ വാദത്തോടും ഹർഷിന പ്രതികരിച്ചു. എക്സ്പേർട്ട്സ് എന്ന് പറഞ്ഞാൽ ഡോക്ടർമാർ ആണല്ലോ, അവർ കരുതിക്കൂട്ടി വന്നാൽ മറിച്ചേ പറയാനുണ്ടാകൂ എന്ന് സമൂഹത്തിന് അറിയാം. സത്യസന്ധമായിട്ടാണെങ്കിൽ വരട്ടെയെന്നും ഹർഷിന പറഞ്ഞു. പൊലീസ് റിപ്പോർട്ട് അനുസരിച്ച് വകുപ്പ് തല നടപടിയെടുക്കാമെന്ന് ആരോ​ഗ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. മറ്റ് ഉറപ്പുകളൊന്നും പാലിച്ചിട്ടില്ലെങ്കിലും ഇതിൽ വിശ്വസിക്കുന്നു. പൊലീസ് റിപ്പോർട്ടിൽ വിശ്വാസമുണ്ടെന്നും ഹർഷിന ആവർത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments