ദില്ലി : ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന് ഇന്ത്യ സ്വീകരണം നല്കരുതെന്ന് കോൺഗ്രസ്. ഇന്ത്യയുടെ പ്രദേശങ്ങളെ ചൈനയുടെ ഭൂപടത്തിൽ ഉൾപ്പെടുത്തിയത് അസംബന്ധമാണ്. ജി 20ക്ക് ഷി ജിൻപിങിനെ സ്വീകരിക്കേണ്ടതുണ്ടോയെന്നതിൽ പുനഃരാലോചന വേണമെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ദില്ലിയിൽ എത്താനിരിക്കെയാണ് ചൈന പുതിയ ഭൂപടം പുറത്തിറക്കിയത്. അരുണാചൽ പ്രദേശും അക്സായി ചിനും ചൈനീസ് പ്രദേശങ്ങളാക്കിയുള്ള ഭൂപടമാണ് ചൈന പ്രസിദ്ധീകരിച്ചത്. തായ്വാനും ചൈനീസ് പ്രദേശമാണെന്ന് വ്യക്തമാക്കുന്ന ഭൂപടം വിവിധ രാജ്യങ്ങളുടെ അതിർത്തികളിൽ ചൈനയുടെ കടന്നുകയറ്റ നീക്കത്തിൻറെ തുടർച്ചയാണ്.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സപ്തംബർ എട്ടിനാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ദില്ലിയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹ്രസ്വ ചർച്ച നടത്തുമെന്നാണ് ചൈനീസ് വൃത്തങ്ങളുടെ വിശദീകരണം. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ദില്ലിയിലെത്തും. യുഎഇ പ്രസിഡൻറും അതിഥിയായി ഉച്ചകോടിയിൽ പങ്കെടുക്കും.
എന്നാൽ ജി 20 ഉച്ചകോടിക്ക് റഷ്യൻ പ്രസിഡന്റ് എത്തില്ല. തനിക്ക് എത്താനാവില്ലെന്ന് റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ നരേന്ദ്ര മോദിയെ നേരിട്ടറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ ടെലിഫോണിൽ വിളിച്ചാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ തീരുമാനം മനസ്സിലാക്കുന്നുവെന്ന് മറുപടി നൽകിയ നരേന്ദ്ര മോദി, ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയ്ക്ക് റഷ്യ നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. റഷ്യ യുക്രയിൻ സംഘർഷവും ഇരുവരും തമ്മിലെ ഫോൺ സംഭാഷണത്തിൽ ചർച്ചാവിഷയമായി. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിന് റഷ്യൻ പ്രസിഡൻറ് മോദിയെ അഭിനന്ദനം അറിയിച്ചു.