ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തടവുശിക്ഷ മരവിപ്പിച്ചു. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് ശിക്ഷ മരവിപ്പിച്ചത്. താത്കാലികമായാണ് ശിക്ഷ മരവിപ്പിച്ചത്. ഇമ്രാൻ ഉടൻ ജയിൽമോചിതനായേക്കുമെന്നാണ് വിവരം.നേരത്തെ, തോഷഖാനാ അഴിമതി കേസില്‍ ഇമ്രാന്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്നും ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നു. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇസ്ലാമാബാദിലെ വിചാരണ കോടതിയുടേതായിരുന്നു നടപടി.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന്‍ ഖാനെതിരായ കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വെക്കാം. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം.