ന്യൂഡല്‍ഹി: ബി ജെ പിയുടെ ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നാഗ്പൂര്‍ സര്‍വകലാശാല (രാഷ്ട്രസന്ത് തുക്‌ടോജി മഹാരാജ് സര്‍വകലാശാല) തീരുമാനം വിവാദമാകുന്നു. പാഠ്യപദ്ധതിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രാദേശിക പാർട്ടികളുടെയും ചരിത്രം ഒഴിവാക്കിയാണ് ബി ജെ പിയുടെ ചരിത്രവും രാമജന്മഭൂമി പ്രസ്ഥാനം സംബന്ധിച്ച ഭാഗവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ തീരുമാനത്തിന് സർവകലാശാല ചരിത്ര വിഭാഗം ബോര്‍ഡ് ഓഫ് പ്രാക്ടീസ് അംഗീകാരം നല്‍കി.
ദീപാവലിക്ക് ശേഷം ആരംഭിക്കുന്ന എം എ ഹിസ്റ്ററി നാലാം സെമസ്റ്ററിലാണ് ഈ പാഠ്യഭാഗം ഉള്ളത്. ദേശീയ വിദ്യാഭ്യാസ നയപ്രകാരം വരുത്തിയ മാറ്റങ്ങളനുസരിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പ്രാദേശികപാര്‍ട്ടികളുടേയും ചരിത്രമൊഴിവാക്കിയതെന്നാണ് സര്‍വകലാശാല ന്യായീകരണം. ജനസംഘ കാലഘട്ടത്തിനു ശേഷമുള്ള ബി ജെ പിയുടെ വളര്‍ച്ചയും വികാസവുമാണ് പുതിയ പാഠ്യഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി രൂപീകരണ രീതിയും സുസ്ഥിരഭരണവും ഇതിൽ ഉള്‍പ്പെടും. ഇന്ത്യന്‍ ജനതയില്‍ സ്വാധീനം ചെലുത്തിയ 1980 മുതല്‍ 2000 വരെയുള്ള പ്രധാന പ്രസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് രാമജന്മഭൂമി പ്രസ്ഥാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍വകലാശാലാ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. 2019 ല്‍ നാഗ്പൂര്‍ സര്‍വകലാശാല ബി എ ഹിസ്റ്ററി പാഠ്യപദ്ധതിയില്‍ ആര്‍ എസ് എസിന്റെ ചരിത്രമുള്‍പ്പെടുത്തിയതും ഏറെ വിവാദമായിരുന്നു.