അയർലൻഡിലെ പ്രവാസി മലയാളികളുടെ ഓണാഘോഷത്തിന് ആവേശം പകർന്ന് റുമാനിയൻ മാവേലി. റുമാനിയക്കാരനായ മിഹായി മാവേലി വേഷം കെട്ടി വന്നത് കണ്ട മലയാളികൾക്കും ആവേശം. അപ്രതീക്ഷിതമായി സദസ്സിലേക്ക് രംഗപ്രവേശനം ചെയ്ത റുമാനിയൻ മാവേലിയെ കരഘോഷത്തോടെയാണ് ആളുകൾ സ്വീകരിച്ചത്. മാവേലിയെ കണ്ടവർ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനായി വന്നു. ഹോളി ചൈൽഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നഅയർലൻഡിലെ നാസ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷത്തിലാണ് വിദേശി മാവേലിയുടെ വരവ്.
ഇതോടെ ആവേശം കൊടുമുടി കയറി. റുമാനിയൻ മാവേലിക്ക് കേരള സംസ്കാരവും ഭക്ഷണവും ഇഷ്ടപ്പെട്ടു. ഉടൻതന്നെ കേരളം സന്ദർശിക്കണമെന്നും ആഗ്രഹവും പ്രകടിപ്പിച്ചു. ചെണ്ടമേളം നാടോടി നൃത്തം, തിരുവാതിര, ഗാനമേള, സദ്യ വടംവലി തുടങ്ങിയ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. അയർലൻഡ് പാർലിമെന്റ് അംഗം ജെയിംസ് ലോലസ് ചടങ്ങിൽ മുഖ്യാത്ഥിയായിരുന്നു. നാസ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം സാംസ്‌കാരിക ആവിഷ്‌കാരത്തിനുള്ള ഒരു വേദി മാത്രമല്ല, സമുദായാംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ ഐക്യബോധത്തിന്റെ തെളിവ് കൂടിയായിരുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.