കേരള അസോസിയേഷൻ ഓഫ് ടെക്സാസിന് (KAT) നവ നേതൃത്വം; രാജു വർഗീസ് പ്രസിഡന്റ്

Global Indian Writer · November 3, 2026 · 1 min read · 0 Comments · 0 Shares

പന്തളം ബിജു തോമസ്‌

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ടെക്സാസിന്റെ അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. നവംബർ ഒന്നാം തീയതി മുതൽ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റായി രാജു വർഗീസ്, സെക്രട്ടറിയായി സോഹൻ ജോയ്, ട്രഷററായി വിന്നി ഫിലിപ്പ്, വൈസ് പ്രസിഡന്റായി സാജു കരിയാംപുഴ, ജോയിന്റ് സെക്രട്ടറിയായി ഫ്രാൻസിസ് സെബാസ്റ്റ്യൻ, ജോയിന്റ് ട്രഷററായി ജോഷി ജോസ് എന്നിവർ പുതിയ ഭരണസമിതിയിൽ ചുമതലയേറ്റു.

ഫോമയുടെ നൂറാമത്തെ മെമ്പർഷിപ്പ് നേടുകയും, ടെക്സോമ റീജിയനിൽ ഉൾപ്പെട്ടതുമായ KAT ഫോമയുടെ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിക്കുമെന്ന് അറിയിച്ചു. അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും പുതുമയും പകരുന്നതിനും സംഘടനയുടെ സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകൾ, കൂടുതൽ വിപുലീകരിക്കുന്നതിനും പുതിയ ഭരണസമിതി മുൻഗണന നൽകും. കേരളീയ പാരമ്പര്യവും, സംസ്കാരവും, പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം, ടെക്സാസിലെ മലയാളി സമൂഹത്തിന്റെ ഐക്യവും, പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും.

പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും കൂടുതൽ ആളുകളെ സംഘടനയുടെ ഭാഗമാക്കുന്നതിനുമായി പുതിയ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് രാജു വർഗീസ് അറിയിച്ചു. നിലവിലുള്ള അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം പുതിയ അംഗങ്ങളെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുകയും വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ അംഗങ്ങളുടെയും സഹകരണവും പിന്തുണയും ഉറപ്പാക്കി കേരള അസോസിയേഷൻ ഓഫ് ടെക്സാസിനെ കൂടുതൽ സജീവവും ശക്തവുമായ ഒരു മലയാളി കൂട്ടായ്മയായി മുന്നോട്ടുകൊണ്ടുപോകാനാണ് പുതിയ ഭരണസമിതിയുടെ തീരുമാനം. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളിൽ എല്ലാ മലയാളികളുടെയും പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നതായും പുതിയ നേതൃത്വം അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.