Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് അദാനി മെഗാ കുംഭകോണം'; കെ സി വേണുഗോപാൽ

‘ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് അദാനി മെഗാ കുംഭകോണം’; കെ സി വേണുഗോപാൽ

ന്യൂഡൽഹി: അദാനി ഗ്രൂപ്പിൻ്റെ ഓഹരിതട്ടിപ്പിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിനോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് അദാനി മെഗാ കുംഭകോണം എന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഏക അജണ്ട ഉറ്റ സുഹൃത്തിനെ സമ്പന്നനാക്കുകയാണെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. മോദിയുടെ ഉറ്റ സുഹൃത്ത് അന്താരാഷ്ട്ര കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റ് നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച കെ സി വേണുഗോപാൽ പ്രധാനമന്ത്രി പ്രതികരിക്കണം എന്നും ആവശ്യപ്പെട്ടു.

നേരത്തെ ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുളളവര്‍ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ‘ഒപാക്’ മൗറീഷ്യസ് വഴിയാണ് പങ്കാളികള്‍ ഫണ്ട് ചെയ്യുന്നതെന്ന് ഒസിസിആര്‍പി ഒരു ലേഖനത്തിലാണ് വ്യക്തമാക്കിയിരുന്നത്. ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് (OCCRP).

അദാനി കുടുംബവുമായി അടുത്ത ബന്ധമുളള നാസര്‍ അലി ശഹബാന്‍ ആഹ്ലി, ചാങ് ചുങ് ലിങ് എന്നിവര്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പിയുടെ ആരോപണം. അദാനി കുടുംബത്തിന്റെ ദീര്‍ഘകാല ബിസിനസ്സ് പങ്കാളികളാണ് ഇവര്‍. എന്നാല്‍ ചാങ്ങിന്റെയും അഹ്ലിയുടെയും നിക്ഷേപത്തിനായുള്ള പണം അദാനി കുടുംബത്തില്‍ നിന്നാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഒസിസിആര്‍പി പറഞ്ഞു.

ചാങ്ങിന്റെ ലിംഗോ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ്, ആഹ്ലിയുടെ ഗള്‍ഫ് അരിജ് ട്രേഡിംഗ് എഫ് ഇസഡ് ഇ (യുഎഇ), മിഡ് ഈസ്റ്റ് ഓഷന്‍ ട്രേഡ് (മൗറീഷ്യസ്), ഗള്‍ഫ് ഏഷ്യ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് എന്നിവ വഴി അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഓഹരി വില കൃത്രിമമായി ഉയര്‍ത്താന്‍ ഇത്തരം നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് ശ്രമിച്ചെന്നും ഒസിസിആര്‍പി പറയുന്നു.

എന്നാല്‍, ഈ ആരോപണം നേരത്തേ ഹിന്‍ഡന്‍ബെര്‍ഗ് ഉന്നയിച്ചതാണെന്നും അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. മൗറീഷ്യസില്‍ ഉള്‍പ്പെടെ ഷെല്‍ കമ്പനികള്‍ സ്ഥാപിച്ച് പണംതിരിമറി നടത്തിയെന്നും ഓഹരി വിലയില്‍ കൃത്രിമം കാണിച്ചുവെന്നതും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ ഷോര്‍ട്ട്-സെല്ലര്‍ കമ്പനിയായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടിരുന്നത്.

ജനുവരിയില്‍ യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിലും അദാനി ഗ്രൂപ്പിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ മൂല്യം വലിയ തകര്‍ച്ച നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിനെതിരെ വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments