ഡൽഹി: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. പകരം പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റ് പങ്കെടുക്കാത്തതിന് കാരണം ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായതാണെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ പ്രസിഡന്റ് വ്ലോഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. സെപ്തംബർ 9, 10 തീയതികളിൽ ഡൽഹിയിൽ വെച്ചാണ് ജി20 ഉച്ചകോടി നടക്കുന്നത്.
ഉച്ചകോടിയിലെ ശ്രദ്ധാകേന്ദ്രമായിരുന്ന രണ്ടാമത്തെ ഉന്നത നേതാവായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ജി20 ഉച്ചകോടിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അരുണാചൽ പ്രദേശും ലഡാക്കിനോടു ചേർന്നുള്ള അക്‌സായ് ചിൻ മേഖലയും അതിർത്തിക്കുള്ളിലാക്കി ചൈന ഭൂപടം പുറത്തിറക്കിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഇന്ത്യ ഉയര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനുളള തീരുമാനത്തില്‍ നിന്നും ഷി ജിന്‍പിങ് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷി ജിന്‍പിങ്ങിനെതിരെ ടിബറ്റന്‍ പൗരന്‍മാരുടെ പ്രതിഷേധമുണ്ടാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹങ്ങളും ഡല്‍ഹിയില്‍ ഒരുക്കിയിരുന്നു.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഷി ജിന്‍പിങ്ങും തമ്മിലുളള കൂടിക്കാഴ്ചക്കും ജി20 ഉച്ചകോടി വേദിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 സമ്മേളനത്തിലാണ് ഇരു നേതാക്കളും ഇതിനുമുന്‍പ് കൂടിക്കാഴ്ച നടത്തിയത്. പുടിനും ഉച്ചകോടിക്കെത്തില്ലെന്ന് അറിയിച്ചതോടെ പ്രധാനപ്പെട്ട രണ്ടു നേതാക്കളുടെ അസാന്നിധ്യം കൊണ്ടുകൂടിയാകും ഇത്തവണത്തെ ജി20 ഉച്ചകോടി ശ്രദ്ധേയമാകുക.