മധുര: തമിഴ്‌നാട്ടിലെ തേനിയില്‍ 55-കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 16 വയസ്സുള്ള മകള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. തേനിയിലെ ആക്രി വ്യാപാരിയായ 55-കാരനെ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിലാണ് 16-കാരിയെയും കാമുകനായ എ. മുത്തുകാമാച്ചി(23) കൂട്ടാളികളായ ശെല്‍വകുമാര്‍(23) കണ്ണപ്പന്‍(21) എന്നിവരെയും പോലീസ് പിടികൂടിയത്. 16-കാരിയും കാമുകനും ചേര്‍ന്നാണ് പിതാവിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും ഇവരുടെ പ്രണയത്തെ എതിര്‍ത്തതാണ് ആക്രമണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
ഓഗസ്റ്റ് 26 ശനിയാഴ്ചയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 55-കാരനെ മുത്തുകാമാച്ചിയും സുഹൃത്തുക്കളായ രണ്ടുപേരും ചേര്‍ന്ന് ആക്രമിച്ചത്. ബൈക്ക് തടഞ്ഞുനിര്‍ത്തി 55-കാരനെ തള്ളിയിട്ടശേഷം അരിവാള്‍ കൊണ്ട് മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ പിന്നീട് നാട്ടുകാരാണ് തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഉപയോഗിച്ച ഒരു ബൈക്ക് കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ബൈക്ക് മുത്തുകാമാച്ചിയുടെ പേരിലുള്ളതാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ആക്രമണത്തിന്റെ കാരണം വ്യക്തമായത്. പിന്നാലെ സുഹൃത്തുക്കളായ രണ്ടുപേരെയും കാമുകിയായ 16-കാരിയെയും പിടികൂടുകയായിരുന്നു.
കാര്‍ ഡ്രൈവറായ മുത്തുകാമാച്ചിയും സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 16-കാരിയും ഒരുവര്‍ഷമായി പ്രണയത്തിലാണെന്നാണ് പോലീസ് പറയുന്നത്. തേനിയില്‍ മാതാപിതാക്കള്‍ക്കും സഹോദരനും ഒപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞതോടെ 55-കാരന്‍ മകളെ മര്‍ദിച്ചു. പ്രണയത്തില്‍നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ തേനിയിലെ സ്‌കൂളില്‍നിന്ന് പെണ്‍കുട്ടിയെ മാറ്റുകയും ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷവും പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് മുത്തുവിന്റെ തൊഴിലുടമയെ നേരിട്ടുകാണുകയും ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ സമ്മര്‍ദംചെലുത്തുകയും ചെയ്തു. തുടര്‍ന്നാണ് 16-കാരിയും കാമുകനും ചേര്‍ന്ന് പിതാവിനെ വകവരുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി മുത്തുവിന്റെ രണ്ട് കൂട്ടുകാരുടെ സഹായവും തേടി.
അച്ഛനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്തതിന് പിന്നാലെ തേനിയിലെ സ്വന്തം വീട്ടിലേക്ക് തിരികെവരാനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമം. ഇതിനായി അച്ഛനോട് മാപ്പപേക്ഷിക്കുകയും വിശ്വാസം നേടുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച അച്ഛന്‍ മകളെ തിരികെ തേനിയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. സ്‌കൂളില്‍ വീണ്ടും പ്രവേശനം നേടിയ പെണ്‍കുട്ടി പഠനവും പുനഃരാരംഭിച്ചു. തുടര്‍ന്നാണ് ശനിയാഴ്ച രാത്രി സാഹചര്യം ഒത്തുവന്നതോടെ പ്രതികള്‍ പദ്ധതി നടപ്പാക്കിയത്. രാത്രി 8.15-ന് മകള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാനായി 55-കാരന്‍ വീട്ടില്‍നിന്ന് പുറത്തുപോയിരുന്നു. അച്ഛന്‍ വീട്ടില്‍നിന്നിറങ്ങിയതിന് പിന്നാലെ 16-കാരി വിവരം കാമുകനെ അറിയിച്ചു. തുടര്‍ന്ന് മുത്തുവും സംഘവും വഴിയില്‍ കാത്തിരുന്ന് 55-കാരനെ ആക്രമിക്കുകയായിരുന്നു.
ക്വട്ടേഷന്‍ ആക്രമണത്തില്‍ പങ്കാളികളായ കാമുകന്റെ സുഹൃത്തുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് 16-കാരി വാഗ്ദാനം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടി നേരത്തെ വീട്ടില്‍നിന്ന് ഒരുലക്ഷം രൂപ അപഹരിച്ചിരുന്നതായും ഈ പണം ബൈക്ക് വാങ്ങാനായി കാമുകന് നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ 16-കാരിയെ മധുരയിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.