മുംബൈ: നടക്കുന്ന ഇന്‍ഡ്യ മുന്നണി യോഗത്തില്‍ രാജ്യം കാത്തിരിക്കുന്ന ശുഭകരമായ തീരുമാനങ്ങളുണ്ടാകുമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. നേതൃസ്ഥാനം ഉള്‍പ്പടെ പല കാര്യങ്ങളും ചര്‍ച്ചയില്‍ വരുന്നുണ്ട്. ഇന്‍ഡ്യ കൂട്ടായ്മയെ തകര്‍ക്കാന്‍ ഭരണപക്ഷത്തിന്റ ഭാഗത്തുനിന്ന് ഏത് മാര്‍ഗത്തിലൂടെയും നീക്കം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. മോദി സര്‍ക്കാരിന്റെ ഏതു നീക്കത്തെയും സംശയിക്കണമെന്നായിരുന്നു പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചതിനെക്കുറിച്ച് ബിനോയ് വിശ്വം പ്രതികരിച്ചത്.
ഇന്നലെയും ഇന്നുമായി മുംബൈയിലാണ് ഇന്‍ഡ്യയുടെ മൂന്നാംയോഗം നടക്കുന്നത്. മുന്നണിയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് മൂന്നരയ്ക്ക് യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നേതാക്കള്‍ ഔദ്യോഗികമായി അറിയിക്കും. 6 മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 28 പാര്‍ട്ടികളുടെ 63 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കും എന്ന് സൂചന ലഭിച്ചതോടെ തയ്യാറെടുപ്പ് വേഗത്തിലാക്കാനാണ് ഇന്‍ഡ്യ മുന്നണിയില്‍ ധാരണയായിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഈ മാസംതന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമം. മുന്നണി കണ്‍വീനര്‍ ആരാകണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.