പന്തളം: മുഖ്യമന്ത്രിക്ക് അകമ്പടിപോയ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന പൊലീസ് വാൻ മനഃപൂർവം തന്റെ കാറിൽ ഇടിപ്പിച്ചെന്ന പരാതിയുമായി ബി ജെ പി നേതാവും നടനുമായ കൃഷ്ണകുമാർ. വാനിലുണ്ടായിരുന്നവർ അസഭ്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും കൃഷ്ണകുമാർ ആരോപിക്കുന്നുണ്ട്.
ഇന്ന് രാവിലെ പന്തളത്തുവച്ചായിരുന്നു സംഭവം. പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഏറ്റവും പിന്നിലായുണ്ടായിരുന്ന പൊലീസിന്റെ സ്ട്രൈക്കർ ഫോഴ്സിന്റെ വാഹനമാണ് തന്റെ കാറിൽ ഇടിച്ചെന്നാണ് കൃഷ്ണകുമാർ ആരോപിക്കുന്നത്.കാറിൽ വാൻ ഇടിപ്പിക്കുകയും ഇതിന്റെ ആഘാതത്തിൽ കാർ ഒരുവശത്തേക്ക് മാറിപ്പോവുകയും ചെയ്തുവെന്നും കൃഷ്ണകുമാർ പറയുന്നു. കാറിനും കേടുപാടുകളുണ്ട്.
ഇടിച്ചശേഷം വാനിലുണ്ടായിരുന്നവർ മോശമാറി പെരുമാറിയെന്നും നടൻ ആരോപിക്കുന്നു. അപകടകരമായി വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനും വാഹനത്തിലുണ്ടായിരുന്നവർക്കെതിരെ കേസെടുക്കണമെന്നും പന്തളം സി ഐയ്ക്ക് അദ്ദേഹം നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. പുതുപ്പള്ളിയിലെക്ക് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പോവുകയായിരുന്നു കൃഷ്ണകുമാർ.